വിടവാങ്ങിയത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ ധനകാര്യജ്ഞൻ

ദുബൈ: രാജ്യത്തിെന്‍റെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ ക്രാന്തദർശിയായി പ്രവർത്തിച്ച ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം വിട പറയുമ്പോൾ, ലോകത്തിന് മുന്നിൽ ഇമാറാത്തും ദുബൈ നഗരവും തീർത്ത വിസ്മയങ്ങൾ കൊണ്ടാണ് രാജ്യം യാത്രാമൊഴി പറയുന്നത്. സഹോദരനും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങൾക്കനുസൃതമായി സുസ്ഥിര വികസനത്തിനായി സമഗ്ര പദ്ധതികളാവിഷ്കകരിക്കുന്നതിലും ധനവിനിയോഗത്തിലും ശൈഖ് ഹംദാൻ കാട്ടിയ ആസൂത്രണമികവും കരുതലും ദുബൈ നഗരത്തെ പലതവണയാണ് ലോകത്തിന് മുന്നിൽ ഒന്നാംസ്ഥാനത്തെത്തിച്ചത്.

1971 ൽ യു.എ.ഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി അധികാരമേറ്റ ശൈഖ് ഹംദാൻ അതേ പദവിയിലിരുന്നു തന്നെയാണ് ജീവിതത്തിൽ നിന്നും വിടപറഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിനൊപ്പം സർക്കാർ ചെലവുകളെ കൃത്യതയോടെ നിയന്ത്രിക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. 1995 ജനുവരി നാലിനാണ് ശൈഖ് ഹംദാൻ ദുബൈ ഉപ ഭരണാധികാരിയായി അധികാരമേറ്റത്.


ശൈഖ് റാശാദ് ബിൻ സയീദ് ആൽ മക്തൂമിന്റെ രണ്ടാമത്തെ മകനായി 1945 ഡിസംബർ 25നാണ് ശൈഖ് ഹംദാൻ ജനിച്ചത്. ദുബൈയിലെ അൽ-അഹ്ലിയ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി. ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ച ശൈഖ് ഹംദാൻ ഇൻഫർമേഷൻ ആന്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻറുകൾ, ദുബൈ വേൾഡ് ട്രേഡ് സെൻറർ, ദുബൈ അലുമിനിയം (ദുബാൽ), ദുബൈ നാച്ചുറൽ ഗ്യാസ് കമ്പനി ലിമിറ്റഡ് (ദുഗാസ്) തുടങ്ങിയവയുടെ അധ്യക്ഷ പദവിയിലും നിറഞ്ഞുനിന്നു. ദുബൈ പോർട്ട്സ് അതോറിറ്റിയുടെ ഗവേണിംഗ് ബോർഡ് പ്രസിഡൻറായിരുന്ന ശൈഖ് ഹംദാൻ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര നാണയ നിധി, ഒപെക് ഫണ്ട് എന്നിവയുടെ യുഎഇയുടെ മുഖ്യ പ്രതിനിധി കൂടിയായിരുന്നു.

2006 ൽ റോയൽ ബ്രിട്ടീഷ് കോളജിൽ നിന്ന് മൂന്ന് അംഗീകാരങ്ങൾ ശൈഖ് ഹംദാന് ലഭിച്ചു. ലണ്ടനിലെ റോയൽ ബ്രിട്ടീഷ് കോളേജ്, റോയൽ ബ്രിട്ടീഷ് കോളേജ് എഡിൻബർഗ് എന്നിവിടങ്ങളിൽ നിന്ന് ഇന്റേണൽ മെഡിസിനുള്ള ഓണററി ഫെലോഷിപ്പ് എന്നിവയും നേടി. അൽ മക്തൂം ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി നിരവധി സ്കോളർഷിപ്പുകൾ ശൈഖ് ഹംദാൻ പ്രത്യേക താല്പര്യമെടുത്ത് നൽകിയിരുന്നു. കുതിരകളോടുള്ള അഭിനിവേശത്തിനുപുറമെ, വേട്ടയാടലും ഡൗ റേസിംഗും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

Tags:    
News Summary - Shiekh hamdan bin rashid paved the way for sustainable development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.