ദുബൈ: വിദേശികൾ കടൽക്കടന്നു വന്ന് കടത്തിക്കൊണ്ടുപോയ നമ്മുടെ സ്വന്തം കുരുമുളകിന് അടുക്കളയിലും തീൻമേശയിലും മാത്രമാണ് സ്ഥാനമെന്നാണ് നാം കരുതിയിരിക്കുന്നത്. എന്നാൽ, നമ്മുടെ ധാരണകളെയെല്ലാം പൊളിച്ചെഴുതുകയാണ് ദുബൈയിലെ ഒരു ചിത്രകാരൻ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷിജു അരിക്കുളമാണ് ചിത്രരചനയിൽ വേറിട്ട മാധ്യമങ്ങൾ പരീക്ഷിക്കുന്ന ആ ചിത്രകാരൻ.
ഷിജുവിെൻറ കൈയിൽ കുരുമുളക് കിട്ടിയാൽ പിന്നെ മനോഹരമായ ചിത്രമായി മാറാൻ അധികനേരം വേണ്ടിവരില്ല. ഇങ്ങനെ കുരുമുളകുകൊണ്ട് ആദ്യമായി കാൻവാസിലൊരുക്കിയ കരവിരുത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഛായാചിത്രമായിരുന്നു. ഇടക്ക് എപ്പോഴോ തോന്നിയൊരു ആശയമാണ് അഞ്ചുദിവസംകൊണ്ട് ചിത്രമായി മാറിയതെന്ന് ഷിജു.
ശൈഖ് മുഹമ്മദിന് ഇൗ ചിത്രം നേരിട്ട് സമ്മാനിക്കാനുള്ള അവസരവും കാത്തിരിക്കുകയാണിപ്പോൾ ഇൗ പ്രവാസി ചിത്രകാരൻ. കുരുമുളക് ഉപയോഗിച്ച് അത്യുഗ്രനൊരു ഫാൽക്കനെയും ഷിജു കാൻവാസിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്.
വാട്ടർ കളർ, ഓയിൽ കളർ, അക്രിലിക്, പെൻസിൽ ഡ്രോയിങ്, ചാർക്കോൾ തുടങ്ങി എല്ലാ മീഡിയത്തിലും ചിത്രമൊരുക്കുന്ന ഷിജുവിന് ഏറെ ഇഷ്്ടം വാട്ടർകളറാണ്. പ്രമുഖരും പ്രശസ്തരും ഉൾപ്പെടെ 500ൽപരം വ്യക്തികളുടെ ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങൾ ഇതിനകം പൂർത്തിയാക്കിയ ഷിജു, ചിലർക്ക് അത് നേരിട്ട് കൈമാറുകയും ചെയ്തു.
യു.എ.ഇയിലെ മിക്ക ഭരണാധികാരികളുടെയും ചിത്രമൊരുക്കാനും 15 വർഷമായി ദുബൈയിൽ ആർട്ടിസ്റ്റായി കഴിയുന്ന ഇദ്ദേഹത്തിന് സാധിച്ചു. മോഹൻലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്റർ, ഗായകൻ യേശുദാസ്, സംവിധായകൻ സിബി മലയിൽ, എം.എ. യൂസുഫലി, ഡോ. ആസാദ് മൂപ്പൻ എന്നിവരുടെയും ഛായാചിത്രങ്ങളൊരുക്കിയിട്ടുണ്ട് ഷിജു.
ഛായാചിത്രങ്ങൾക്കൊപ്പം അറബ് നാടിെൻറ സൗന്ദര്യം നിഴലിക്കുന്ന മനോഹരമായ പ്രോർട്രേറ്റുകളും ജീവജാലങ്ങളുടെ ഉഗ്രൻ ഓയിൽ പെയിൻറിങ്ങുകളും ഉൾപ്പെടെ ചിത്രങ്ങളുടെ എണ്ണം ആയിരം കടക്കും. കുരുമുളക് മീഡിയമാക്കിയുള്ള പെപ്പർ ആർട്ടിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് തയാറെടുക്കുകയാണിപ്പോൾ ഷിജു അരിക്കുളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.