ഏതാനും വർഷങ്ങളായി നമ്മുടെ കൊച്ചു കേരളം വേദന തിങ്ങിയ അശാന്തിതീരമായി മാറിയിരിക്കുന്നു. പ്രകൃതിദുരന്തങ്ങളും രോഗങ്ങളും കാണാപ്പുറത്തു നിന്നും മുന്നിലേക്ക് ചാടി വീണ് അന്ധാളിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. അവയിൽ പലതിെൻറയും പേരുകൾ പോലും കേൾക്കുന്നത് ആദ്യമായാണ്. സൂനാമി, ഓഖി ദുരന്തങ്ങൾ, മഹാപ്രളയങ്ങൾ, ഡെങ്കി, ചികുൻഗുനിയ, എലിപ്പനി, നിപ, കോവിഡ് എന്നിവ കടന്ന് സിക വൈറസിലെത്തി നിൽക്കുകയാണ് നാം. ഗൾഫ് നാടുകളിൽ സിക റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൊതുകിനെ സൂക്ഷിച്ചില്ലെങ്കിൽ ഈ രോഗവും പ്രവാസികളെ തേടി വന്നേക്കാം എന്ന ഓർമവേണം.
എന്താണ് സിക?
സിക ഒരു വൈറസ് ആണ്. രോഗം പരത്തുന്നത് രോഗാണു വാഹിയായ ഈഡിസ് കൊതുകുകളാണ്. പകലും ചിലപ്പോൾ രാത്രിയും ഈ കൊതുകുകൾ രക്തദാഹിയായി നമ്മുടെ പരിസരത്തുണ്ടാവും. കെട്ടിക്കിടക്കുന്ന തെളിഞ്ഞ മഴ വെള്ളത്തിൽ പോലും വേഗം പെറ്റുപെരുകുന്നു. ചിരട്ടകൾ, പൂച്ചട്ടിയുടെ അടിയിലെ ട്രേകൾ, ഫ്രിഡ്ജിനിടയിൽ വെള്ളം ലീക്ക് ചെയ്യാതെ വെച്ചിരിക്കുന്ന പാത്രങ്ങൾ ഇവയിൽ കെട്ടിക്കിടക്കുന്ന ഏതാനും ഔൺസ് ജലത്തിൽ നിന്ന് ആയിരക്കണക്കിനു കൊതുകുകൾ വിരിഞ്ഞിറങ്ങുന്നു. കൊതുകുകൾ അല്ലാതെ മെറ്റാരു മാർഗത്തിലൂടെയും വൈറസിന് പകരാനാവും. അതു രോഗിയുടെ സ്രവങ്ങളുമായി നേരിട്ട് ബന്ധപ്പെടുേമ്പാഴാണ്. രോഗിയുമായി ലൈംഗിക ബന്ധം പുലർത്തുമ്പോൾ രോഗം പകരാം എന്നു സാരം!
സിക വൈറസിന് ചികിത്സയില്ല. പ്രതിരോധ വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ല. 1947ൽ ഉഗാണ്ടയിൽ നിന്നും തിരിച്ചറിഞ്ഞ ഈ വൈറസ് തെക്കേ അമേരിക്കയും കിഴക്കനേഷ്യൻ രാജ്യങ്ങളും കടന്ന് നമ്മുടെ മണ്ണിലും വന്നെത്തി.
രോഗലക്ഷണങ്ങൾ ?
പല രോഗികളിലും കാര്യമായ രോഗലക്ഷണങ്ങളില്ല. പനി, കടുത്ത പേശിവേദന, തലവേദന, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണുകൾ തുടുത്തു ചുവക്കുക ഇവ പ്രത്യക്ഷ ലക്ഷണങ്ങളാണെങ്കിലും ഇവയൊക്കെ മറ്റേതൊരു സാധാരണ വൈറസ് രോഗവും പോലെയാണ് അനുഭവപ്പെടുക. സിക സംശയിക്കുകയാണെങ്കിൽ വൈറോളജി ലാബിൽ രക്തമോ മൂത്രമോ പരിശോധിച്ച് രോഗം ഉറപ്പിക്കാം. ഗർഭിണികളിൽ സികരോഗം കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാം. പ്രത്യേകിച്ചും ഗർഭത്തിെൻറ പ്രാരംഭഘട്ടത്തിൽ. ഗർഭസ്ഥ ശിശുവിെൻറ തലച്ചോറിെൻറ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തി ചെറിയ തലയുള്ള കുട്ടികൾ മൈക്രോകെഫാലി എന്ന അവസ്ഥയിൽ ജനിക്കാം. ജനനശേഷവും സുഷുമ്നയെ ബാധിക്കുന്ന ഗില്ലൻ ബാരി എന്ന രോഗവും കുഞ്ഞിനെ ബാധിക്കാം.
മരുന്നുകളില്ല, പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമല്ല. ഇനി എങ്ങനെ രോഗപ്രതിരോധം സാധ്യമാക്കാം. ? ഏറ്റവും പ്രധാനം കൊതുകുനിയന്ത്രണം തന്നെ. വ്യക്തിയും കുടുംബവും സമൂഹവും പ്രാദേശിക ഭരണസംവിധാനങ്ങളായ -പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഒത്തൊരുമിക്കുക. ഇത്തരം ഒത്തൊരുമകൾ ജാതിമത ഭേദമെന്യേ മഹാപ്രളയ കാലത്ത് കേരളം കാണിച്ചുകൊടുത്തിട്ടുണ്ട്.
കൊതുകുകളെ വീട്ടിലും പുറത്തും പെറ്റുപെരുകാൻ അനുവദിക്കാതിരിക്കുക, കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക, കൊതുകുവലകളും കൊതുകിനെതിരെ പ്രവർത്തിക്കുന്ന സുരക്ഷിത ക്രീമുകളും ഉപയോഗിക്കുക, കൊതുകു കടക്കാതിരിക്കാൻ ജനാലകൾ വയർനെറ്റുകൊണ്ട് സുരക്ഷിതമാക്കുക ഇവയാണ് വീട്ടിലെ പ്രതിരോധം. പുറത്ത് ആരോഗ്യപ്രവർത്തകരും പ്രാദേശികഭരണകൂടവും കൈകോർത്ത് കൊതുകുനശീകരണം നടത്തുക. സിക മാത്രമല്ല ഡെങ്കിയും മലേറിയയും ചികുൻഗുനിയയും നമ്മുടെ ജീവിതപരിസരങ്ങളിലേക്ക് കടന്നുവരാതിരിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.