ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) 'ഹാപ്പിനസ് എജുക്കേഷൻ എക്സിബിഷൻ' എന്ന പേരിൽ വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്ലിയ ഓഫിസിലാണ് മേള സംഘടിപ്പിച്ചത്. ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ പൊലീസ് ആൻഡ് പബ്ലിക്ക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖല്ഫാന് തമീം എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചു. ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
25ലധികം സർവകശാലകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഈ രംഗത്തെ വിദഗ്ധർ, സ്പെഷലൈസ്ഡ് അധ്യാപകർ എന്നിവർ എക്സിബിഷനിൽ പങ്കെടുത്തു. ബിരുദ, ബിരുദാനന്തര, ഗവേഷണ മേഖലകളിൽ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് സഹായകരമായ രീതിയിലാണ് മേള ഒരുക്കിയത്.
ഫീസിനത്തിൽ 25 ശതമാനം മുതൽ 75 ശതമാനം വരെ കിഴിവുകളും അൽസദാ കാർഡ് ഉടമകൾക്ക് വിവിധ സ്കോളർഷിപ്പുകളും ലഭ്യമാക്കിയിരുന്നു. മൂന്നാം തവണയാണ് വിദ്യാഭ്യാസമേള വകുപ്പ് സംഘടിപ്പിക്കുന്നത്.
ദുബൈ താമസക്കാരുടെ സന്തോഷമാണ് പ്രധാനമെന്നും വിദ്യാഭ്യാസരംഗത്ത് കൂടുതൽ മികവ് തെളിയിക്കാനുള്ള വലിയ അവസരമാണ് എക്സിബിഷനെന്നും ഖൽഫാൻ തമീം പറഞ്ഞു. ഹാപ്പിനസ് എജുക്കേഷൻ എക്സിബിഷൻ വരുംവർഷങ്ങളിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.