ദുബൈ: താഴ്ന്നവരുമാനമുള്ള തൊഴിലാളികൾക്കായി വമ്പിച്ച ഓഫറുമായി ‘ഹാപ്പിനസ്’ സിം കാർഡ് അവതരിപ്പിച്ച് യു.എ.ഇ തൊഴിൽ മന്ത്രാലയം. ആറ് മാസത്തെ സൗജന്യ ഇന്റർനെറ്റ് ഡേറ്റ, കുറഞ്ഞ ചെലവിൽ രാജ്യാന്തര കോളുകൾ എന്നിവ ഉൾപ്പെടെയുള്ള ഓഫറുകളാണ് പുതിയ സിം കാർഡ് വാഗ്ദാനം ചെയ്യുന്നത്.
ടെലി കമ്യൂണിക്കേഷൻ സേവനദാതാക്കളായ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻസ് കമ്പനിയുടെ ഭാഗമായ ‘ഡു’വുമായി സഹകരിച്ചാണ് തൊഴിൽമന്ത്രാലയം ‘ഹാപ്പിനസ്’ സിം സംരംഭത്തിന് തുടക്കമിട്ടത്. ബിസിനസ് സേവനകേന്ദ്രങ്ങൾ, ഗൈഡൻസ് സെന്ററുകൾ എന്നിവ സന്ദർശിച്ച് സിം കാർഡുകൾ സ്വന്തമാക്കാമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസുകൾ ഉപയോഗപ്പെടുത്തിയും സിം കാർഡുകൾ സ്വന്തമാക്കാം.
ബ്ലൂകോളർ തൊഴിലാളികൾക്ക് ഇന്റർനെറ്റ് സേവനം കുറഞ്ഞനിരക്കിൽ ലഭ്യമാക്കുക വഴി കുടുംബങ്ങളുമായി സംസാരിക്കാനും ശമ്പളത്തിൽ മിച്ചംപിടിക്കാനും സാധിക്കും.
തൊഴിലാളികളുടെ സന്തോഷം ലക്ഷ്യംവെച്ചാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്ന് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ ഓഫർ സംബന്ധിച്ച് തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം ഫോണിലൂടെ വിജ്ഞാപനം അയക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.