ദുബൈ: എമിറേറ്റിലെ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാപനങ്ങളിൽ വിപുലമായ പരിശോധനകൾ നടത്തി മുനിസിപ്പാലിറ്റി അധികൃതർ. മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷ പരിശോധന സംഘങ്ങൾ ഈ വർഷം ആദ്യ പകുതിയിൽ ദുബൈയിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ 18,374 പരിശോധനകൾ നടത്തിയിട്ടുണ്ട്.
പരിസ്ഥിതി, ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലായി ആകെ 52,233 പരിശോധനകളാണ് നടത്തിയത്. ഉൽപന്നങ്ങൾ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, സുരക്ഷ, പൊതു ആരോഗ്യം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ നഗരത്തിലെ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധനകൾ നടത്തിയത്.
അതോടൊപ്പം അംഗീകൃത പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതും വിലയിരുത്തി. റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, കഫേകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഹൈപർ മാർക്കറ്റുകൾ, സൂപർ മാർക്കറ്റുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ശീഷാ കഫെകൾ, ഹെയർ സലൂണുകൾ, ബ്യൂട്ടി സെന്ററുകൾ, തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവയും പരിശോധന കാമ്പയിനിൽ ഉൾപ്പെടുത്തി.
ഭക്ഷണം, പരിസ്ഥിതി, സുരക്ഷ മേഖലകളിൽ ദുബൈ മുനിസിപ്പാലിറ്റി പ്രധാന ഊന്നൽ നൽകുന്നതായി എൻവയൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റഫീ പറഞ്ഞു. എമിറേറ്റിലെ ഏറ്റവും ഉയർന്ന സുരക്ഷയും ജീവിത നിലവാരവും ഉറപ്പുവരുത്തുന്നതിന് നിരന്തരം പരിശ്രമിക്കുകയാണ്.
ദുബൈയിലും യു.എ.ഇയിലും നടപ്പാക്കിയിട്ടുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ബിസിനസുകളുടെയും സംരംഭങ്ങളുടെയും വളർച്ചയെ സഹായിക്കുന്ന അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു -അദ്ദേഹം വ്യക്തമാക്കി.ഹോട്ടൽ സൗകര്യങ്ങൾ, കഫേകൾ, ഹെയർ സലൂണുകൾ, തൊഴിലാളികളുടെ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 26,566 പരിശോധനകളാണ് നടത്തിയത്.
സമുദ്ര പരിസ്ഥിതി, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, വ്യവസായിക സൗകര്യങ്ങൾ എന്നിവയുടെ സുരക്ഷയും സുസ്ഥിരതയും നിരീക്ഷിക്കുന്നതിനായി ഏകദേശം 4331 പരിശോധനാ സന്ദർശനങ്ങളും സംഘടിപ്പിച്ചു. കൂടാതെ, അറവുശാലകൾ, വെറ്ററിനറി ഓർഗനൈസേഷനുകൾ, ജനറൽ ഹെൽത്ത് പെസ്റ്റ് കൺട്രോൾ കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ട് 2962 പരിശോധനകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.