ദുബൈ: യുദ്ധത്തിൽ പരിക്കേറ്റവരും അർബുദരോഗികളും അടക്കം ചികിത്സക്കായി ഗസ്സയിൽനിന്ന് ആറാമത് വിമാനം അബൂദബിയിലെത്തി. അടിയന്തര ചികിത്സ ആവശ്യമുള്ള 61 കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് ചികിത്സ ആവശ്യമുള്ളവരെ രാജ്യത്തെത്തിക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചത്.1000 പരിക്കേറ്റ കുട്ടികളെയും 1000 അർബുദരോഗികളെയും ഗസ്സയിൽനിന്നെത്തിച്ച് യു.എ.ഇ ആശുപത്രികളിൽ ചികിത്സിക്കുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഗസ്സയുടെ സമീപ പ്രദേശമായ ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് സംഘത്തെ അബൂദബിയിലെത്തിച്ചത്. കുട്ടികൾക്കൊപ്പം 71 കുടുംബാംഗങ്ങളാണുള്ളത്. നേരത്തേ എത്തിയ അഞ്ചു ബാച്ചുകളിലെ കുട്ടികളുടെയും മറ്റു രോഗികളുടെയും ചികിത്സ വിവിധ ആശുപത്രികളിൽ പുരോഗമിക്കുകയാണ്.
യുദ്ധം ആരംഭിച്ച ഒക്ടോബർ മുതൽ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി വിവിധ പദ്ധതികൾ യു.എ.ഇ നടപ്പാക്കിവരുന്നുണ്ട്. ഇതിനകം 131 വിമാനങ്ങളിലായി 14,000 ടൺ ഭക്ഷണവും മെഡിക്കൽ, റിലീഫ് വസ്തുക്കളും അടക്കം ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്. ‘ഗാലൻറ് നൈറ്റ് 3’ എന്നുപേരിട്ട ജീവകാരുണ്യ ഓപറേഷന്റെ ഭാഗമായി ഗസ്സയിൽ ഫീൽഡ് ആശുപത്രിയും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും ഒരുക്കിയിട്ടുമുണ്ട്.
യു.എ.ഇ ഫീൽഡ് ആശുപത്രിയിലേക്ക് ഒമ്പതംഗ മെഡിക്കൽ വളന്റിയർമാരുടെ സംഘം കഴിഞ്ഞ ദിവസം പുറപ്പെട്ടിരുന്നു. ആരോഗ്യസേവന രംഗത്ത് താൽപര്യമുള്ളവരുടെ മൂന്നാമത് ബാച്ചാണ് തിങ്കളാഴ്ച ഗസ്സയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.