ദുബൈ: 2022നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തെ റോഡപകട മരണങ്ങൾ വർധിച്ചതായി കണക്ക്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്ന് ശതമാനം വർധനയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. പ്രധാനമായും റോഡ് ഉപയോക്താക്കളുടെ നിയമലംഘനവും ശരിയല്ലാത്ത പെരുമാറ്റവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്. 2022ൽ 343 അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷം 352 മരണങ്ങളാണുണ്ടായത്. എന്നാൽ, 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം എട്ട് ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 2021ൽ 381 അപകട മരണങ്ങളാണുണ്ടായത്.
അപകടങ്ങൾ കുറക്കുന്നതിന് രാജ്യത്ത് വിവിധ സംരംഭങ്ങൾ നടപ്പാക്കിവരുന്നുണ്ട്. 2022ൽ എക്കാലത്തെയും ഏറ്റവും കുറഞ്ഞ മരണനിരക്കിനടുത്താണ് രേഖപ്പെടുത്തിയിരുന്നത്. 2008ൽ ആയിരത്തിലേറെ അപകട മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. അതിൽനിന്ന് 67 ശതമാനത്തിലേറെ കുറഞ്ഞാണ് നിലവിലെ അവസ്ഥയിൽ എത്തിയത്. 15 വർഷത്തിനിടെയാണ് വലിയ മാറ്റം രാജ്യത്ത് സാധ്യമായത്. എന്നാൽ, കഴിഞ്ഞ വർഷം ചെറിയ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ റോഡ് സുരക്ഷയിൽ തുടർന്നും ശ്രദ്ധ വേണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും കൂടുതൽ അപകടങ്ങൾ വരുത്തുന്നത് 19നും 29നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രായത്തിലുള്ളവർക്കിടയിൽ കൂടുതൽ ബോധവത്കരണവും ശ്രദ്ധയും ആവശ്യമാണെന്നും ഇത് വ്യക്തമാക്കുന്നു. അതോടൊപ്പം 15 ശതമാനം വലിയ അപകടങ്ങൾക്ക് കാരണമാകുന്നത് പുതിയ ലൈസൻസ് നേടിയ ഡ്രൈവർമാരാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം റോഡിന്റെയും കാലാവസ്ഥയുടെയും സാഹചര്യം അപകടങ്ങൾക്ക് കാരണമായി പറയേണ്ടതില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത 5,433 റോഡപകടങ്ങളിൽ 98 ശതമാനവും കുഴപ്പമില്ലാത്ത റോഡുകളിലാണ് സംഭവിച്ചത്. അതുപോലെ 99 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് തെളിഞ്ഞ കാലാവസ്ഥയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.