അബൂദബി: സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി അബൂദബി പൊലീസ്. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിവിവരങ്ങള്‍ ആരുമായും പങ്കുവെക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പണം തട്ടുന്നതിനായി ഔദ്യോഗിക വെബ്സൈറ്റുകളെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ വെബ്സൈറ്റുകള്‍ തയാറാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും തട്ടിപ്പ് ഫോണ്‍ കാളുകളെക്കുറിച്ചും ഓര്‍മപ്പെടുത്തിയാണ് പൊലീസ് പൊതുജനങ്ങള്‍ക്ക് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഫോണില്‍ ചോദിച്ചറിഞ്ഞും വ്യാജ വെബ്സൈറ്റില്‍ ഇരകളെക്കൊണ്ട് രേഖപ്പെടുത്തിയുമൊക്കെയാണ് തട്ടിപ്പുകാര്‍ പണം തട്ടുന്നത്. അതിനാല്‍, സംശയകരമായ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അവര്‍ ആവശ്യപ്പെടുന്ന നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടതോ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങളോ ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകളോ എ.ടി.എം കാര്‍ഡിന്റെ പിന് നമ്പറോ സി.സി.വി നമ്പറോ നല്‍കരുതെന്നും ബാങ്ക് ജീവനക്കാര്‍ ഒരിക്കലും ഇത്തരം വിവരങ്ങള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയില്ലെന്നും പൊലീസ് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു.
സൈബര്‍ തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് നിരന്തരം അധികൃതര്‍ ഓര്മിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ചതിയില്‍പ്പെട്ട് പണം നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഫോണ്‍ വിളികളിലൂടെ അടക്കം വ്യാപകമായ പണത്തട്ടിപ്പ് നടക്കുന്ന സാഹചര്യത്തില്‍, ‘ബി കെയര്‍ഫുള്‍’എന്ന ബോധവത്കരണവുമായി അബൂദബി പൊലീസും രംഗത്തെത്തിയിരുന്നു.
തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ സമീപ പൊലീസിൽ വിവരം കൈമാറണം. ബാങ്ക് അക്കൗണ്ട് വിശദാംശം ആവശ്യപ്പെട്ട് ആരെങ്കിലും വിളിച്ചാലും ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയോ 8002626 എന്ന സുരക്ഷ സര്‍വിസ് നമ്പറില്‍ വിളിക്കുകയോ 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യണം. aman@adpolice.gov.ae എന്ന മെയിലിലും അബൂദബി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെയും വിവരം കൈമാറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.