ജലവും വൈദ്യുതിയും മിതമായ രീതിയിൽ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട രീതിയിൽ എങ്ങനെ കാർഷിക മേഖലയെ പുരോഗതിയിലേക്ക് നയിക്കാമെന്ന നിരന്തരമായ അന്വേഷണങ്ങളാണ് ഷാർജയിൽ നടക്കുന്നത്. സൗരോർജം ഉപയോഗപ്പെടുത്തി എങ്ങനെ ജൈവീക മേഖല പുഷ്ടിപ്പെടുത്താമെന്നുള്ള പഠനങ്ങൾ കാർഷിക മേഖലയിൽ പകരുന്നത് പുത്തൻ ഉണർവുകളാണ്. വളരെ കുറഞ്ഞ ചിലവിൽ സൗരോർജ സംവിധാനം ഏർപ്പെടുത്തി അമ്പതിലധികം പഴം-പച്ചക്കറികൾ വിളവെടുപ്പ് നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ദൈദ് മേഖല. ഇതിന് അമരത്തും അണിയത്തും പ്രവർത്തിക്കുന്നത് ഷാർജ ജല-വൈദ്യുത വിഭാഗത്തിലെ എനർജി ട്രാൻസ്മിഷൻ വകുപ്പ് ഡയറക്ടർ എഞ്ചിനീയർ ഹമദ് മുസാബെ അൽ തുനൈജിയാണ്. 2023ലെ കാർഷിക മികവിനുള്ള ശൈഖ് മൻസൂർ ബിൻ സായിദ് അവാർഡ് ജേതാവാണ്. ഇന്നവേഷൻ കാറ്റഗറിയിലാണ് പുരസ്കാരം കരസ്ഥമാക്കിയത്.
ഷാർജയുടെ കാർഷിക പട്ടണം എന്നറിയപ്പെടുന്ന അൽ ദൈദ് മേഖലയിലെ ഈ കൃഷിയിടത്തിൽ വന്നാൽ കത്തി ജ്വലിക്കുന്ന സൂര്യൻ ചെടികളെ തലോടുന്നത് കാണാം. വൈദ്യുതി ഉപയോഗിക്കാത്തതിനാൽ 70 ശതമാനം ചിലവും കുറവാണ്.സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഉപയോഗപ്പെടുത്തുന്നത്. ഈ കാലാവസ്ഥയിൽ സമഗ്രമായ കൃഷിക്ക് ഫലപ്രദമായ സാങ്കേതിക വിദ്യകളൊന്നും വിപണിയിൽ ലഭ്യമല്ലാത്തതിനാൽ, രാജ്യത്തെ കാർഷിക മേഖല നേരിടുന്ന മൊത്തത്തിലുള്ള വെല്ലുവിളികൾക്ക് അനുയോജ്യമായ തരത്തിലാണ് താൻ ആവിഷ്കരിച്ച പരിഹാരങ്ങൾ പ്രാദേശികമായി വികസിപ്പിച്ചതെന്ന് അൽ-തുനൈജി പറഞ്ഞു. രാജ്യത്തിന്റെ പ്രാദേശിക പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന ഒരു ബദൽ കണ്ടെത്തുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള യാത്ര വിജയിച്ച സന്തോഷത്തിലാണ് തുനൈജി. മികച്ച ജൈവശാസ്ത്രീയ രീതി ഉപയോഗിക്കുന്നതിനാൽ കീടങ്ങളുടെ ശല്യങ്ങൾ കുറവാണ്. വിളനാശവും കുറവായതിനാൽ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതായി തുനൈജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.