ദുബൈ: ജി.സി.സിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, യു.എ.ഇയിലെ നാല് ആസ്റ്റർ ആശുപത്രികളിൽ സോളാർ എനർജി പാനലുകൾ സ്ഥാപിക്കാൻ അൽ റോസ്തമാനി ഗ്രൂപ്പിലെ അംഗവും പ്രമുഖ എസ്കോ കമ്പനിയുമായ എമിറേറ്റ്സ് ഇലക്ട്രിക്കൽ എൻജിനീയറിങ് എൽ.എൽ.സിയുമായി കരാറിൽ ഒപ്പുവെച്ചു.
കരാറനുസരിച്ച് മൻഖൂൽ, ഖിസൈസ്, സെഡാർ എന്നിവിടങ്ങളിലെ ആസ്റ്റർ ആശുപത്രികളിലും ദുബൈ അൽ സഫയിലെ മെഡ്കെയർ ഹോസ്പിറ്റലിലും സോളാർ എനർജി പാനലുകൾ സ്ഥാപിക്കും. യൂറോ ഹെൽത്ത് സിസ്റ്റംസ് വഴി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 1774 മെട്രിക് ടൺ കാർബണ്‍ഡൈ ഓക്സൈഡ് ബഹിർഗമനം കുറക്കാൻ സഹായിക്കും.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിെൻറ ഇ.എസ്.ജി (എൻവയൺമെൻറ്, സോഷ്യൽ, കോർപറേറ്റ് ഗവേണൻസ്) നയങ്ങളുമായി യോജിക്കുന്നതാണ് ഈ പദ്ധതി. ക്ലൈമറ്റ് ആക്ഷൻ അടക്കമുള്ള ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനായി വർഷങ്ങളായി, ജി.ആർ.ഐ, ഡൗ ജോൺസ് എന്നീ സുസ്ഥിരതാ സൂചികളുടെ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആസ്റ്റർ. വ്യക്തികളുടെയും സമൂഹത്തിെൻറയും സേവനത്തിനായി പൂർണമായും സമർപ്പിച്ച് പ്രവർത്തിക്കുമ്പോൾതന്നെ, പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഉദ്യമങ്ങൾക്കും ആസ്റ്റർ പ്രതിജ്ഞാബദ്ധമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ പറഞ്ഞു.
സ്ഥാപനങ്ങളെ ഊർജസമ്പന്നമാക്കുന്നതിനൊപ്പം ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഹരിതാഭമായ അന്തരീക്ഷം നൽകുന്നതിനുള്ള യാത്രയുടെ തുടക്കമാണ് സൗരോർജപാനലുകൾ സ്ഥാപിക്കുന്നതിലൂടെ വിഭാവനം ചെയ്യുന്നതെന്നും അലീഷാ മൂപ്പൻ വ്യക്തമാക്കി. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി എമിറേറ്റ്സ് ഇലക്ട്രിക്കൽ എൻജിനീയറിങ് എൽ.എൽ.സിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ സന്തുഷ്ടരാണെന്ന് യൂറോ ഹെൽത്ത് സിസ്റ്റംസ് ഡയറക്ടർ ഹാനീ സത്താർ പറഞ്ഞു.
സൗരോർജത്തെ പ്രയോജനപ്പെടുത്തി സുസ്ഥിരമായ ഒരു ഭാവിയിലേക്ക് ഹരിത വഴി ഒരുക്കുന്ന ആസ്റ്റർ ഡി.എം ഹെൽത്ത് കെയറുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് എമിറേറ്റ്സ് ഇലക്ട്രിക്കൽ എൻജിനീയറിങ് എൽ.എൽ.സി ജനറൽ മാനേജർ പ്രഭാഷ് മന്താര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.