ദുബൈ: ജന്മനാട് ആശങ്കയുടെ നടുക്കടലിൽ കഴിയുേമ്പാൾ അകമഴിഞ്ഞ പിന്തുണയുമായി യു.എ.ഇയിലെ ലക്ഷദ്വീപുകാർ.നാട്ടിൽ നടന്ന 12 മണിക്കൂർ നിരാഹാര സമരത്തിന് പിന്തുണയർപ്പിച്ച് യു.എ.ഇയിലെ ദ്വീപുകാരും നിരാഹാരം അനുഷ്ഠിച്ചു. വീടുകളിൽ പ്ലക്കാർഡുയർത്തിയും സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തും അവരുടെ പിന്തുണ നാടിനെ അറിയിച്ചു. സേവ് ലക്ഷദ്വീപ് എന്ന പ്ലക്കാർഡുയർത്തിയായിരുന്നു ഐക്യദാർഢ്യം.
യു.എ.ഇയിൽ 25ഓളം ലക്ഷദ്വീപുകാരാണുള്ളത്. ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിൽ താമസിക്കുന്ന ദ്വീപുകാർ സേവ് ലക്ഷദ്വീപ് ഫോറം എന്ന ബാനറിലാണ് അണിനിരന്നത്. യു.എ.ഇയിൽ ദ്വീപുകാർക്ക് പ്രത്യേക സംഘടനകളില്ലെങ്കിലും ജന്മനാടിെൻറ നൊമ്പരം ഇവരും ഏറ്റെടുത്തു. ലക്ഷദ്വീപ് ബി.ജെ.പി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിെൻറ സഹോദരിയായ റംല, ഭർത്താവ് കുഞ്ഞിസീതി ഉൾപ്പെടെ പങ്കെടുത്തു.
നാളെ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തുേമ്പാൾ ആ മണ്ണ് അതേപോലെയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും നിലനിൽപിന് പോരാടുന്ന ദ്വീപ് ജനതക്ക് അഭിവാദ്യം അർപ്പിക്കുന്നുവെന്നും റംലയും കുഞ്ഞിസീതിയും വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനിച്ച നാടിനായി പോരടിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ആന്ത്രോത്ത് ദ്വീപിലെ ഗരീബ് നവാസ് പറഞ്ഞു.
അഡ്മിനിസ്ട്രേറ്ററുടെ കരിനിയമത്തിനെതിരെ നാടിനും നാട്ടുകാർക്കുമൊപ്പം നിൽക്കുന്നുവെന്ന് അബൂദബിയിൽ താമസിക്കുന്ന അഗത്തി ദ്വീപുകാരി ഷെഹിദയും മക്കളും പറഞ്ഞു. വികസനത്തിെൻറ പേരിലുള്ള കുടിയൊഴിപ്പിക്കൽ നിർത്തിവെക്കണമെന്നും ഇവർ പ്ലക്കാർഡുയർത്തി.
ചെറിയ കുട്ടികളും നിരാഹാര സമരത്തിൽ പങ്കാളികളായി.പുതിയ അഡ്മിനിസ്ട്രേറ്ററെയും നയങ്ങളും പിൻവലിക്കണമെന്നാണ് ഇവരുടെ ഒറ്റക്കെട്ടായ ആവശ്യം. നാട്ടിൽ സംഭവിക്കുന്നത് ടെലിവിഷനിലൂടെയാണ് ദ്വീപുകാർ കൂടുതലും അറിയുന്നത്. ഇൻറർനെറ്റിന് വേഗത കുറഞ്ഞതിനാൽ പലർക്കും വിഡിയോ കോളുകൾപോലും കൃത്യമായി ചെയ്യാൻ കഴിയുന്നില്ല. ഇൻറർനെറ്റ് വിേച്ഛദിക്കുമെന്ന വാർത്തകൾ ആശങ്കയോടെയാണ് ഇവർ കേൾക്കുന്നത്. കേരള ജനതയുടെ പിന്തുണക്ക് അകമഴിഞ്ഞ നന്ദിയും ഇവർ പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.