ദുബൈ: ശക്തമായ ഭൂചലനത്തിൽ പ്രയാസം അനുഭവിക്കുന്ന മൊറോക്കൻ ജനതക്ക് ഐക്യദാർഢ്യവുമായി യു.എ.ഇ. ഞായറാഴ്ച ദുബൈയിലെ അഭിമാന കെട്ടിടമായ ബുർജ് ഖലീഫയിലും അബൂദബിയുടെ അഡ്നോക് ആസ്ഥാനത്തും മൊറോക്കോയുടെ ദേശീയ പതാക പ്രദർശിപ്പിച്ചു. ‘ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’ എന്ന സന്ദേശമുള്ള മൊറോക്കോയുടെ ചുവന്ന ദേശീയ പതാകയാണ് പ്രദർശിപ്പിച്ചത്. യു.എ.ഇ മീഡിയ ഓഫിസ് ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നേരത്തേ മൊറോക്കോയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും നിർദേശിച്ചിരുന്നു. സഹായമെത്തിക്കാൻ പ്രത്യേക എയർ ബ്രിഡ്ജ് സ്ഥാപിക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിനായി ആംബുലൻസുകളുമായി പ്രത്യേക പൊലീസ് സംഘം ദുബൈയിൽനിന്ന് മൊറോക്കോയിലെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഭക്ഷണവും താമസിക്കാനുള്ള ടെന്റുകളും ഉൾപ്പെടെ എല്ലാതരത്തിലുമുള്ള സഹായങ്ങൾ എത്തിക്കാനാണ് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷ്യേറ്റിവ് ഫൗണ്ടേഷന് ലഭിച്ച നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.