മനാമ: കേരളീയ വാദ്യകലകളുടെയും കേരളീയ തനത് സംഗീതമായ സോപാന സംഗീതത്തിന്റെയും പഠനവും പ്രചാരണവും എന്ന ലക്ഷ്യം മുൻനിർത്തി ബഹ്റൈൻ സോപാനം വാദ്യകലാസംഘം ‘സോപാന സംഗീത പരിക്രമം’ എന്ന പേരിൽ വിവിധ ക്ഷേത്രങ്ങളിലൂടെ സോപാന സംഗീതാർച്ചന യാത്രക്ക് ഒരുങ്ങുന്നു. ബഹ്റൈനിൽ സോപാന സംഗീതവും ഇടയ്ക്കയും അഭ്യസിച്ച് അരങ്ങേറിയ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന 18 പേർ യാത്രയിൽ പങ്കാളികളാകും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ പൂർണത്രയീശ ക്ഷേത്രം വരെയുള്ള കേരളത്തിലെ പ്രശസ്തമായ 10 ക്ഷേത്രങ്ങളിലൂടെയാണ് സോപാന സംഗീത പരിക്രമം നടത്തുന്നത്. സോപാനം ഗുരുമേള കലാരത്നം സന്തോഷ് കൈലാസ് നേതൃത്വം നൽകും.
ഭാരതമേള പരിക്രമം, മേളാർച്ചനായാത്ര എന്നിവയുടെ ഭാഗമായി കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി 51ൽപരം ദേവസങ്കേതങ്ങളിൽ കേരളീയ മേളകല സംഘം അവതരിപ്പിച്ചിട്ടുണ്ട്. മേയ് എട്ടുമുതൽ ആരംഭിക്കുന്ന സോപാന സംഗീതപരിക്രമം മേയ് 11ന് തൃപ്പൂണിത്തുറ പൂർണത്രയീശ സന്നിധിയിൽ താൽകാലികമായി അവസാനിക്കും. സോപാനസംഗീത ഗുരു സോപാന സംഗീതരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ മാർഗോപദേശത്തിലാണ് യാത്ര.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, കുറ്റിയംകാവ് ഭഗവതി ക്ഷേത്രം, പാറമേക്കാവ് ശ്രീഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, പെരുമ്പാവൂർ ശ്രീധർമശാസ്താ ക്ഷേത്രം, അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രം, ആറാട്ടുപുഴ ശ്രീധർമശാസ്താ ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവ സന്ദർശിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.