ദുബൈ: കോവിഡ് മഹാമാരിയിൽ ആഘോഷങ്ങൾ നിലച്ച യു.എ.ഇയിലെ പ്രവാസി മലയാളികൾക്ക് കഴിഞ്ഞ ദിവസം എക്സ്പോയിൽ നടന്ന ഹിറ്റ് മ്യൂസിക് ഫെസ്റ്റിവൽ അക്ഷരാർഥത്തിൽ വിരുന്നായിരുന്നു.
മലയാളത്തിലെ പ്രിയഗാനങ്ങൾ ജൂബിലി സ്റ്റേജിൽനിന്ന് ഒഴുകിപ്പരന്നപ്പോൾ എക്സ്പോയിലെ മലയാള സന്ദർശകരുടെ ആവേശം വാനോളമുയർന്നു. ദക്ഷിണേന്ത്യയിലെ സംഗീതത്തെ ലോകവേദിയിലെത്തിച്ച ഫെസ്റ്റിവലിൽ മലയാളത്തിന് തന്നെയായിരുന്നു മേൽക്കൈ.
നടിയും ഗായികയുമായ രമ്യ നമ്പീശൻ, മലയാളത്തിന്റെ പ്രിയ ഗായിക ജ്യോത്സ്ന, സച്ചിൻ വാര്യർ, സിദ്ദാർഥ് മേനോൻ, ഹരീഷ് ശിവരാമകൃഷ്ണൻ, ഗോവിന്ദ് വസന്ത, കെ.എസ്. ഹരിശങ്കർ എന്നിവർ വേദിയിലെത്തി.
ഏഴു മണിക്കൂർ നീണ്ട സംഗീതവിരുന്ന് രാത്രി പന്ത്രണ്ടോടെയാണ് അവസാനിച്ചത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ മുതൽ പുതുതലമുറ സിനിമകളിലെ ഗാനങ്ങൾ വരെ വേദിയിൽ അവതരിപ്പിക്കപ്പെട്ടു. തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങളും വേദിയിലെത്തി.
പരിപാടി തുടങ്ങുന്നതിന് മുമ്പുതന്നെ ജൂബിലി സ്റ്റേജിന് മുന്നിൽ നിലയുറപ്പിച്ച ആരാധകർ പരിപാടി അവസാനിക്കുന്നതുവരെ ആവേശപൂർവം ആടിയും പാടിയും എക്സ്പോയിലെ മലയാളരാവ് ആഘോഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.