ദുബൈ: അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്ന സുൽത്താൻ അൽ നിയാദിയെയും വഹിച്ച് സ്പേസ് എക്സ് റോക്കറ്റ് വ്യാഴാഴ്ച പറന്നുയരുമെന്ന് ‘നാസ’. സമൂഹ മാധ്യമങ്ങൾ വഴിയാണ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്ഷേപണത്തിന് മുന്നോടിയായ അവലോകനം, കാലാവസ്ഥ പരിശോധന, മിഷൻ മാനേജ്മെന്റ് യോഗം എന്നിവ ചൊവ്വാഴ്ച പൂർത്തിയാക്കിയിട്ടുണ്ട്. ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് പ്രാദേശിക സമയം പുലർച്ച 12.34 (യു.എ.ഇ സമയം രാവിലെ 9.34) ആണ് റോക്കറ്റ് പറന്നുയരുക. പറന്നുയരുന്നതിന് മിനുറ്റുകൾക്കുമുമ്പ് സാങ്കേതിക കാരണങ്ങളാൽ തിങ്കളാഴ്ച വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.
‘നാസ’യും സ്പേസ് എക്സ് ടീമും നടത്തിയ പരിശോധനയിൽ ആദ്യ വിക്ഷേപണ ശ്രമം പരാജയപ്പെടാനുണ്ടായ കാരണം കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിച്ചാണ് പുതുക്കിയ സമയം നിശ്ചയിച്ചത്. അവസാന മിനിറ്റിൽ വിക്ഷേപണം മുടങ്ങിയതിന് കാരണമായി അധികൃതർ വിശദീകരിച്ചത് റോക്കറ്റ് എൻജിനുകൾ ജ്വലിപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനത്തിലെ പിഴവാണ്. എൻജിനുകൾ നേരത്തെ കൃത്യപ്പെടുത്തിയ സമയത്ത് പ്രവർത്തിച്ചുതുടങ്ങാൻ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് ഒരുക്കാറുള്ളത്. ട്രൈഎഥൈലാലുമിനിയം(ടി.ഇ.എ), ട്രൈഥൈൽബോറേൻ(ടി.ഇ.ബി) എന്നിവ സംയോജിപ്പിച്ച സംവിധാനമാണിത്. ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ സ്വയമേവ ജ്വലിക്കുകയും എൻജിൻ പ്രവർത്തിപ്പിക്കുകയുമാണിത് ചെയ്യുന്നത്. ഇതിൽവന്ന പിഴവ് പരിഹരിച്ചാണ് പുതുക്കിയ സമയം പ്രഖ്യാപിച്ചത്. ‘നാസ’യുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അൽ നിയാദിക്കൊപ്പം ഭൂമിയിൽനിന്ന് 400 കി.മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്. ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും.
ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുന്നത്. യാത്രയുടെ ആദ്യശ്രമം മുടങ്ങിയതിൽ നിരാശയില്ലെന്നും സംഘാംഗങ്ങൾ എല്ലാവരും ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 2019 സെപ്റ്റംബർ 25നാണ് ബഹിരാകാശത്തേക്ക് ആദ്യമായി യു.എ.ഇ പൗരൻ യാത്രതിരിച്ചത്. അൽ നിയാദിയുടെ സഹപ്രവർത്തകൻ കൂടിയായ ഹസ്സ അൽമൻസൂരിയാണ് എട്ടുദിവസത്തെ ദൗത്യം പൂർത്തീകരിച്ചത്. ഹസ്സയുടെ യാത്രക്ക് തടസ്സമുണ്ടായാൽ പകരം പോകാൻ ഒരുങ്ങിനിൽക്കുകയായിരുന്നു അന്ന് അൽ നിയാദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.