അബൂദബി: ബഹിരാകാശ മേഖലയിൽ ഇടമുറിയാതെയുള്ള നേട്ടവുമായി യു.എ.ഇയുടെ കുതിപ്പ് തുടരുന്നു. റഷ്യൻ സോയൂസ് റോക്കറ്റിൽ ഉടനെ യു.എ.ഇയുടെ മെസ്ൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് രാജ്യം. യു.എ.ഇയുടെ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ പട്ടികയിൽ മെസ്ൻസാറ്റും ഉടൻ ഇടംപിടിക്കും.
ഒട്ടേറെ യുവജനങ്ങളുടെയും പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ യു.എ.ഇ കഴിഞ്ഞ പതിറ്റാണ്ടുകളിൽ നടത്തിയ ശ്രമങ്ങളുടെ വൻ വിജയമാണിത്. ഉയർന്ന ശേഷിയുള്ള ഒട്ടേറെ ഉപഗ്രഹങ്ങൾ യു.എ.ഇ ഇതിനകം സ്വന്തമാക്കി. 2008ൽ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കുന്നതിന് 'ദുബൈ സാറ്റ് -1' ആണ് ആദ്യമായി വിക്ഷേപിച്ചത്. 2013ൽ 'ദുബൈ സാറ്റ് -2' നിരീക്ഷണത്തിനായി വിക്ഷേപിച്ചു. മുഹമ്മദ് ബിൻ റാഷിദ് കേന്ദ്രത്തിലെ ഇമറാത്തി എൻജിനീയർമാർ ഈ ഉപഗ്രഹ വികസനത്തിന് മികച്ച സംഭാവന നൽകി.
ടി.വി പ്രോഗ്രാമുകളുടെ പ്രക്ഷേപണം, 620 ലക്ഷം പ്രേക്ഷകർക്ക് മറ്റു വാണിജ്യ സേവനങ്ങൾ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങൾ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ 'യാ- 1' ഉപഗ്രഹവും യു.എ.ഇ വിക്ഷേപിച്ചു. അൽ യാ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് കമ്പനിയുടെ പ്രഥമ ഉപഗ്രഹമാണിത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ വിവിധ കോർപറേഷനുകൾ എന്നിവിടങ്ങളിലെ വ്യക്തികൾക്ക് യാ ക്ലിക് സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനങ്ങൾ നൽകുന്നതിനാണ് 2012ൽ 'യാ -2' ഉപഗ്രഹം വിക്ഷേപിച്ചത്. ദക്ഷിണ അമേരിക്കയിലും പശ്ചിമ ആഫ്രിക്കയിലും തുല്യ സേവനങ്ങൾ നൽകുന്നതിന് 2018ൽ 'യാ -3' ഉപഗ്രഹവും വിക്ഷേപിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 2017ൽ ഇന്ത്യയിൽനിന്ന് ആദ്യത്തെ നാനോമെട്രിക് ഉപഗ്രഹവും വിക്ഷേപിച്ചു. ഇമറാത്തി വിദ്യാഭ്യാസ ഉപഗ്രഹവുമായിരുന്നു പ്രഥമ ക്യൂബ് സാറ്റ്.
അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് ഷാർജ, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻറർ എന്നിവയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് 'നായിഫ് -1'. യു.എ.ഇയിൽ പൂർണമായും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്ത ആദ്യത്തെ ഉപഗ്രഹമായിരുന്നു 'ഖലീഫ സാറ്റ്'. 2018 ഒക്ടോബറിൽ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ഖലീഫ സാറ്റ് വിക്ഷേപിച്ചത്. 'സാറ്റലൈറ്റ് 813' എന്നറിയപ്പെടുന്ന സംയുക്ത അറബ് ഉപഗ്രഹം യു.എ.ഇയുടെ നേതൃത്വത്തിലായിരുന്നു വികസിപ്പിച്ചത്.
യു.എ.ഇ ബഹിരാകാശ ഏജൻസിയുടെ മെസ്ൻസാറ്റ് ഉപഗ്രഹത്തിനു പുറമെ നിരീക്ഷണ-വിശകലനം ലക്ഷ്യമാക്കി ഖലീഫ യൂനിവേഴ്‌സിറ്റി, റാസൽഖൈമയിലെ അമേരിക്കൻ സർവകലാശാല എന്നിവിടങ്ങളിലെ യു.എ.ഇ യുവപൗരന്മാർ വികസിപ്പിച്ച യഹ്‌സാറ്റ് ലാബ് അമേരിക്കൻ യൂനിവേഴ്‌സിറ്റിയിലെ ലാൻഡ് സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ചു. അന്തരീക്ഷം വിശകലനം ചെയ്യുന്നതിനും ഗ്രഹത്തെ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന വിവരങ്ങളും ഫോട്ടോകളും പകർത്തുന്നതിനും മെസ്ൻസാറ്റ് പ്രധാന പങ്കുവഹിക്കുമെന്ന് പദ്ധതിയുടെ പ്രഖ്യാപനവേളയിൽ ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ അഹ്ബാബി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.