അബൂദബി: നിർമിതബുദ്ധി സാങ്കേതിക വിദ്യകളുടെ ഗവേഷണം, നിക്ഷേപം, അടിസ്ഥാന സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് കൗൺസിലിന് (എ.ഐ.എ.ടി.സി) രൂപംനൽകി അബൂദബി. അബൂദബി ഭരണാധികാരിയുടെ അധികാരമുപയോഗിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
സമ്പദ്വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സാങ്കേതിക വിദ്യയിൽ അറിവുള്ള നേതൃത്വത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് പുതിയ കൗൺസിലിന് രൂപം നൽകിയത്. നിർമിത ബുദ്ധിയിലും നൂതന സാങ്കേതിക വിദ്യകളിലും അബൂദബിയുടെ പദവി ആഗോള തലത്തിൽ ഉയർത്തുന്നതിനായി പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള മികച്ച പങ്കാളികളുമായി സഹകരിച്ച് വികസന ഗവേഷണ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയാണ് പുതിയ കൗൺസിലിന്റെ ചുമതല. നിർമിത ബുദ്ധി മേഖലയിൽ നിക്ഷേപം, സഹകരണം എന്നിവക്കായുള്ള ആഗോള ഹബ്ബായി അബൂദബിയെ മാറ്റുകയാണ് ലക്ഷ്യം.
അബൂദബിയുടെ ഉപഭരണാധികാരി ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാനെ കൗൺസിൽ ചെയർമാനായും ശൈഖ് മുഹമ്മദ് നിയമിച്ചു. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് വൈസ് ചെയർമാൻ. ഖൽദൂൻ ഖലീഫ അൽ മുബാറക്, ജാസിം മുഹമ്മദ് ബു അതാബ അൽ സാബി, ഫൈസൽ അബ്ദുൽ അസീസ് അൽ ബന്നായ്, പെങ് സിയാവേ എന്നിവരാണ് കൗൺസിലിലെ അംഗങ്ങൾ. പോസ്റ്റ് ഹൈഡ്രോകാർബൺ സമ്പദ്വ്യവസ്ഥയിൽ തുടരുന്ന വികസനവും സമൃദ്ധിയും പരിപോഷിപ്പിക്കുന്നതിൽ മികച്ച സംഭാവന നൽകാൻ പുതിയ കൗൺസിലിന് കഴിയുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.