ദുബൈ: ലോക നിലവാരത്തിലുള്ള ഉദരരോഗ ചികിത്സ ലഭ്യമാക്കാൻ ദുബൈയിൽ സ്പെഷലൈസ്ഡ് ആശുപത്രി നിർമിക്കുന്നു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ ആസാൻ മെഡിക്കൽ സെന്ററാണ് ദുബൈയിൽ ആദ്യ അന്താരാഷ്ട്ര ബ്രാഞ്ച് തുടങ്ങുന്നത്. യു.എ.ഇ ആസ്ഥാനമായുള്ള നിക്ഷേപ കമ്പനിയായ സ്കോപ് ഇൻവെസ്റ്റ്മെന്റിന്റെ പങ്കാളിത്തത്തോടെയാണ് ആശുപത്രിയുടെ നിർമാണം. ശനിയാഴ്ച പ്രമുഖരുടെ സാന്നിധ്യത്തിൽ ആശുപത്രി നിർമാണത്തിനുള്ള തറക്കല്ലിടൽ കർമം നടന്നു.
21,150 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ആശുപത്രിയുടെ നിർമാണം 2026ൽ പൂർത്തിയാകും. ഒമ്പത് നിലകളിലായി നിർമിക്കുന്ന ആശുപത്രിയിൽ 65 കിടക്കകളാണുണ്ടാകുക. നാല് ഓപറേറ്റിങ് റൂമുകളും ആഡംബര, വി.ഐ.പി റൂമുകളും ഇതിൽ ഉൾപ്പെടുത്തും. പൊണ്ണത്തടിക്കെതിരായ ചികിത്സകൾ, ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി, കരൾ മാറ്റിവെക്കൽ, അവയവങ്ങൾ മാറ്റിവെക്കൽ, എൻഡോസ്കോപ്പി, ദഹന സംബന്ധമായ ആരോഗ്യ പരിശോധനകൾ എന്നിവയുൾപ്പെടെ ഉദര രോഗങ്ങൾക്കുള്ള സമഗ്രമായ ചികിത്സകളാണ് ആശുപത്രി വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ പുനരധിവാസ സേവനങ്ങൾ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, തീവ്രപരിചരണ വിഭാഗം, ഡേ കെയർ യൂനിറ്റ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാക്കും. ആരോഗ്യസുരക്ഷ വാഗ്ദാനം ചെയ്യുന്നതിനൊപ്പം പ്രാദേശിക സ്പെഷലിസ്റ്റുകൾക്ക് കൊറിയൻ മെഡിക്കൽ ടീമിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ കേന്ദ്രവും ഇതോടൊപ്പം വിഭാവനം ചെയ്യുന്നുണ്ട്. ഈ രീതിയിലുള്ള ദുബൈയിലെ ആദ്യ ആശുപത്രിയായിരിക്കും ഇത്. ഉദരരോഗം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി, കരൾ മാറ്റിവെക്കൽ, മറ്റു ജീവിത ശൈലികളുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയുടെ ചികിത്സരംഗത്ത് യു.എ.ഇയുടെ ശേഷി ഉയർത്താൻ ആശുപത്രി സഹായിക്കുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര തലത്തിലുള്ള നിരവധി ആശുപത്രികളുടെയും മെഡിക്കൽ ക്ലിനിക്കുകളുടെയും പ്രധാന ലക്ഷ്യസ്ഥാനമാണ് ദുബൈയെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവദ് സഗീർ അൽ കെത്ബി പറഞ്ഞു. ആരോഗ്യ ചികിത്സ രംഗത്ത് വലിയ വികസനത്തിനാണ് എമിറേറ്റ് സാക്ഷ്യം വഹിക്കുന്നത്.
കാരണം, പ്രധാന മേഖലകളുടെ വളർച്ചക്കായി ദുബൈ ഒരുക്കി നൽകുന്നത് ഏറ്റവും മികച്ച നിക്ഷേപ സാഹചര്യങ്ങളാണ്. അതോടൊപ്പം ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളുടെ ആവശ്യകത വർധിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറിയക്ക് പുറത്ത് ആദ്യ ബ്രാഞ്ച് സ്ഥാപിക്കാനായി ദുബൈയെ തിരഞ്ഞെടുത്തത് സ്കോപ് ഇൻവെസ്റ്റും ദുബൈ ഹെൽത്ത് അതോറിറ്റിയും തമ്മിലുള്ള മികച്ച സഹകരണത്തിന്റെ ഫലമാണെന്ന് റിപ്പബ്ലിക് ഓഫ് കൊറിയ കോൺസൽ ജനറൽ മൂൺ ബ്യൂങ് ജുൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.