ദുബൈ: അൽ അമർദി, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റുകളിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി ഉയർത്തി. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ദുബൈ പൊലീസിന്റെ ജനറൽ ഹെഡ്ക്വാട്ടേഴ്സ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 30 മുതൽ പുതിയ വേഗപരിധി നിലവിൽവരും. ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലെ പരമാവധി വേഗപരിധി ദുബൈ അൽ ഐൻ റോഡിനും അക്കാദമി റൗണ്ട് റൗട്ട് എബൗട്ടിനും ഇടയിൽ മണിക്കൂറിൽ 100 കിലോമീറ്ററാണ്.
അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും അൽ ഖവാനീജ് സ്ട്രീറ്റിനും ഇടയിൽ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററായിരിക്കും. കൂടാതെ അൽ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്സ് റോഡിനും ഇടയിലുള്ള അൽ അമർദി സ്ട്രീറ്റിൽ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററിൽ ക്രമീകരിച്ചു. രണ്ട് സ്ട്രീറ്റുകളിലേയും റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത ഒഴുക്ക് വിപുലപ്പെടുത്താനും ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും മാസങ്ങളിൽ ആർ.ടി.എ സാങ്കേതിക, എൻജിനീയറിങ് പഠനം നടത്തിയിരുന്നു.
ഇതിനുശേഷമാണ് രണ്ട് നഗരങ്ങളിലേയും വേഗപരിധി ഉയർത്താൻ തീരുമാനിച്ചത്. അടുത്തിടെ രണ്ട് സ്ട്രീറ്റുകളും ആർ.ടി.എ വികസിപ്പിച്ചിരുന്നു. ലൈനുകളുടെ എണ്ണം വർധിപ്പിക്കുകയും സ്ട്രീറ്റിനോട് ചേർന്നുള്ള ജങ്ഷനുകൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ വേഗപരിധി സൂചിപ്പിക്കുന്നതിനായി രണ്ട് നഗരങ്ങളിലേയും ട്രാഫിക് സൈൻ ബോർഡുകൾ ആർ.ടി.എ മാറ്റിസ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.