ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം വൈകുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12.10ന് പുറപ്പെടേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടില്ല. ബുധനാഴ്ച രാവിലെ 7.30ന് പുറപ്പെടും എന്നാണ് ഒടുവിൽ നൽകിയിരിക്കുന്ന അറിയിപ്പ്. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. ഇതോടെ, പ്രായമായവരും കുട്ടികളും അടക്കം 150ഓളം യാത്രക്കാർ ദുരിതത്തിലായി.
ഉച്ചക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ രാവിലെ ഒമ്പതിന് തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം വൈകുമെന്നും ഒരു മണിക്ക് പുറപ്പെടുമെന്നുമായിരുന്നു ആദ്യ അറിയിപ്പ്.
പിന്നീട് 2.30 എന്നും നാല് മണി എന്നും തിരുത്തിപ്പറഞ്ഞു. സ്പൈസ്ജെറ്റ് അധികൃതരുടെ നടപടിയെ യാത്രക്കാർ ചോദ്യം ചെയ്തെങ്കിലും കൃത്യമായ ഉത്തരം നൽകാതെ ഇവർ ഒഴിഞ്ഞുമാറി. പിന്നീട്, ബുധനാഴ്ച രാവിലെ 7.30ന് വിമാനം പുറപ്പെടും എന്നറിയിച്ച് ഫോണിൽ മെസേജ് നൽകുകയായിരുന്നു. എന്നാൽ, ഇക്കാര്യത്തിലും ഉറപ്പ് പറയാൻ അധികൃതർക്ക് കഴിയുന്നില്ല. രാത്രി തങ്ങുന്നതിന് ഹോട്ടൽ അക്കമഡേഷൻ നൽകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അതിനും തയാറായിട്ടില്ല. ലോഞ്ചിൽ താമസമൊരുക്കാമെന്നാണ് ഇവർ പറയുന്നത്. രാത്രിയിൽ വിമാനത്താവളത്തിൽ കഴിഞ്ഞുകൂടേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. 38 മണിക്കൂറിന് ശേഷമാണ് ഈ വിമാനത്തിലെ യാത്രക്കാരെ നാട്ടിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.