ദുബൈ: വിദ്യാർഥികളെ ഭാവി കായികതാരങ്ങളായി വളര്‍ത്താന്‍ യു.എ.ഇ കായിക മന്ത്രാലയം രൂപംനല്കിയ സ്പോര്‍ട്സ് ഫെഡറേഷന് ഫോര്‍ സ്കൂള്‍ ആന്‍ഡ് യൂനിവേഴ്സിറ്റി എജുക്കേഷന്‍ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആരോഗ്യ പങ്കാളിയായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് കീഴിലെ മെഡ്കെയര്‍ ആശുപത്രിയെ തിരഞ്ഞെടുത്തു. ദുബൈ ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫിസില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ യു.എ.ഇ സ്പോർട്സ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ ശൈഖ് സുഹൈല്‍ ബിന്‍ ബുത്തി അല്മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ യു.എ.ഇ സ്പോര്‍ട്സ് ഫെഡറേഷന് കീഴില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികൾ വിവിധ കായികയിനങ്ങളില്‍ പരിശീലനം നടത്തുന്നുണ്ട്. ആരോഗ്യ പങ്കാളി എന്ന നിലയില്‍ ഇവരുടെ കായികശേഷി വര്‍ധിപ്പിക്കുക, ആരോഗ്യപരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് മെഡ്കെയറിന്റെ ചുമതലകള്‍.
ഇതിനായി ഷാര്‍ജ മെഡ്കെയര്‍ ആശുപത്രിയിലെ സ്പോര്‍ട്സ് മെഡിസിന്, ഓര്‍ത്തോപീഡിക്സ് ഡോക്ടര്‍മാരുടെ സംഘം പൂര്‍ണമായും സ്പോർട്സ് ഫെഡറേഷനുവേണ്ടി പ്രവര്‍ത്തിക്കും. ഇവര്‍ കായിക പരിശീലനം നടത്തുന്ന വിദ്യാർഥികള്‍ക്കായി കൃത്യമായ ഇടവേളകളില്‍ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹായം നല്‍കുകയും ചെയ്യും.
യു.എ.ഇ സ്പോർട്സ് ഫെഡറേഷന് രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പുകളുടെയും മത്സരങ്ങളുടെയും ടൂര്‍ണമെന്റുകളുടെയും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ഷാര്‍ജയിലെ മെഡ്കെയര്‍ ആശുപത്രിയുടെ ചുമതലയാണ്. കായികമേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് ഇത്തരം സഹകരണങ്ങള്‍ സഹായിക്കുമെന്ന് ശൈഖ് സുഹൈല്‍ ബിന്‍ ബുത്തി അല്‍മക്തും പറഞ്ഞു. മെഡ്കെയര്‍ ആശുപത്രിയെ തെരഞ്ഞെടുത്ത യു.എ.ഇ ഫെഡറേഷനോട് നന്ദി അറിയിക്കുന്നതായി യു.എ.ഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ആസ്റ്ററിന് ഇത് അഭിമാനദൗത്യമാണ്. ഫെഡറേഷന്റെ ലക്ഷ്യം സഫലമാക്കാന്‍ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.