ദുബൈ: മരുഭൂമിയെ പച്ചപ്പണിയിക്കാനുള്ള നിയോഗവുമായി ‘ദി പ്ലാന്റ്സ് അവർ പാഷൻ’ യു.എ.ഇയിൽ. ഈ വർഷം 100 അരയാൽ മരങ്ങൾ നട്ടുസംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഇതിൽ 65 എണ്ണം നാട്ടിലും ഷാർജ, ദുബൈ, അബൂദബി എമിറേറ്റുകളിലായി ഒമ്പത് എണ്ണവും നട്ടുകഴിഞ്ഞു. ഓക്സിജന്റെ കലവറയായ അരയാൽ മരങ്ങളെ ലോകവ്യാപകമായി സംരക്ഷിക്കുകയെന്നത് ഒരു ജന്മനിയോഗംപോലെ ഏറ്റെടുത്തിരിക്കുകയാണ് ‘ദി പ്ലാന്റ്സ് അവർ ഓൺ പാഷൻ’. താമരശ്ശേരി സ്വദേശി ഒ. അബ്ദുൽ റഷീദും മകൾ നൂറ സൈനബുമാണ് പരിസ്ഥിതി സംരക്ഷണ സംരംഭത്തിന് പിന്നിൽ. 2017ൽ ഇരുവരും ചേർന്ന് ഏറ്റെടുത്ത സേവന സംരംഭത്തിലൂടെ അലങ്കാര ചെടികളും ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളുമായി ലക്ഷത്തിലധികം മരങ്ങൾ വെച്ചുപിടിപ്പിച്ചു കഴിഞ്ഞു.
2024ലെ റിപ്പബ്ലിക് ദിനത്തിൽ ഫാറൂഖ് കോളജിൽവെച്ച് ഒരു ലക്ഷത്തി രണ്ടായിരം ചെടികൾ ഇവർ ലോകത്തിന് സമർപ്പിച്ചിരുന്നു. നാട്ടിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കും അധ്യാപകർക്കുമായി ചെടികൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ടിവർ. ചെടികൾ വിതരണം ചെയ്യുന്നതിന് വേറിട്ട രീതികളാണ് ഇരുവരും സ്വീകരിക്കുന്നത്. സ്കൂളുകളിൽ എത്തിച്ചുകൊടുക്കുന്ന തൈകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടെയാണ് പ്രകൃതി സൗഹൃദമായ പേപ്പർ ഗ്ലാസുകളിൽ കുട്ടികളുടെ കൈകളിലെത്തിക്കുന്നത്.
ചെടികൾ വെച്ചുപിടിപ്പിച്ച ചിത്രങ്ങൾ അയക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ കാഷ് അവാർഡും നൽകിയിരുന്നു. അരയാൽ മരങ്ങൾകൂടാത സീതപ്പഴം, പേരക്ക, നെല്ലി, റുമ്മാൻ, നാരകം, റംബൂട്ടാൻ, മൾബറി തുടങ്ങിയ ഫലവൃക്ഷത്തൈകളും ചായമൻസ, ചങ്ങലം പരണ്ട, ഇരുവേലി, വാതംകൊല്ലി, കരിനൊച്ചി തുടങ്ങിയ ഔഷധസസ്യങ്ങളുമാണ് നൽകിവരുന്നത്.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തങ്ങളാൽ ആവുന്നവിധത്തിൽ വൃക്ഷത്തെകൾ വെച്ചുപിടിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. അതിന് പ്രവാസികളുടെ പിന്തുണ തേടിയാണ് അബ്ദുൽ റഷീദ് യു.എ.ഇയിലെത്തിയത്. സുസ്ഥിര ആശയങ്ങൾക്ക് സർവ പിന്തുണയും വാഗ്ദാനം ചെയ്യുന്ന യു.എ.ഇയുടെ മണ്ണിൽ പ്രകൃതിക്ക് തുണയാകുന്ന ഇവരുടെ ആഗ്രഹങ്ങൾക്ക് നല്ല വേരോട്ടം ഉണ്ടാവട്ടെയെന്ന് ആശംസിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.