പ്രവാസി കുടുംബങ്ങൾക്കായി 'സ്റ്റേഷൻ 360' റേഡിയോ പ്രവർത്തനം തുടങ്ങി

'അജ്മാൻ: വിദ്യാർഥികൾക്കും വീട്ടമ്മമാർക്കും പ്രവാസികൾക്കും വിജ്ഞാനവും വിനോദവും പകരാൻ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ- ഡിജിറ്റൽ റേഡിയോ സ്റ്റേഷൻ '360 റേഡിയോ'ക്ക് തുടക്കമായി. അജ്മാനിലെ 360 റേഡിയോ നിലയത്തിൽ നടന്ന ചടങ്ങിൽ അറബ് ടെലിവിഷൻ-റേഡിയോ രംഗത്തെ പ്രമുഖൻ അബു റാഷിദ് ഉദ്ഘാടനം ചെയ്തു.വിനോദവും വിദ്യാഭ്യാസവും ഒരുപോലെ സമ്മേളിക്കുന്ന പരിപാടികളാണ് റേഡിയോ പ്രക്ഷേപണം ചെയ്യുക.

സാധാരണ റേഡിയോകളിൽനിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകളിൽ ഒരേപോലെ സ്റ്റേഷൻ പ്രവർത്തിക്കും. ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി വിവിധ ഇന്ത്യൻ, ദക്ഷിണേഷ്യൻ ഭാഷകളിലെ പരിപാടികളും പ്രക്ഷേപണം ചെയ്യും. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും പ്രഭാഷണങ്ങൾക്കും ശില്പശാലകൾക്കും സംഭാഷണങ്ങൾക്കും 360 റേഡിയോ വേദിയൊരുക്കും. കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്നു കേൾക്കാനുള്ള പരിപാടികൾക്ക് പുറമെ ഇമാറാത്തി സംസ്കാരത്തെയും ചരിത്രത്തെയും പ്രവാസത്തിന്‍റെ ആദ്യകാലത്തെ കഥകളെയും ജീവിതങ്ങളെയും റേഡിയോ പരിചയപ്പെടുത്തും. കലാ-സാംസ്കാരിക-കച്ചവട- കാരുണ്യമേഖലകളിലെ പ്രവാസികളുമായി മുഖാമുഖങ്ങളും നടക്കും. ഗാനങ്ങളും വിനോദപരിപാടികളും വാർത്തകളും സംപ്രേക്ഷണം ചെയ്യും. വിദ്യാർഥികളെയും കുടുംബത്തെയും വിദ്യാഭ്യാസത്തെയും ഒരുപോലെ ലക്ഷ്യമിട്ട് നല്ല ആശയത്തോടെയാണ് റേഡിയോയുടെ വരവെന്ന് അബു റാഷിദ് പറഞ്ഞു. വിവിധ ഭാഷകളും സംസ്കാരവുമുൾക്കൊള്ളുന്ന പരിപാടികളുമായി മുന്നോട്ട് പോകാൻ റേഡിയോക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

നമ്മിൽനിന്ന് വ്യത്യസ്തരായ മനുഷ്യരെ കേൾക്കുന്നതും അറിയുന്നതും നാം ജീവിക്കുന്ന ലോകത്തെപ്പറ്റി പലതും പഠിപ്പിക്കാനും ഈ റേഡിയോക്ക് കഴിയുമെന്ന് അജ്‌മാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാനും റേഡിയോ 360 ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. എല്ലാ കേൾവിക്കാരിലും ഒരു വിദ്യാർഥിയും എല്ലാ വിദ്യാർഥികളിലും വിനോദമാഗ്രഹിക്കുന്ന കേൾവിക്കാരും ഉണ്ടെന്നും ഈ വിഷയം സംബോധന ചെയ്യാനാണ് പുതിയ സ്റ്റേഷൻ ശ്രമിക്കുന്നതെന്നും പ്രോഗ്രാം ഡയറക്ടർ ബിഞ്ചു കൊച്ചുണ്ണി അഭിപ്രായപ്പെട്ടു. വിദ്യാർഥികൾക്കും ശ്രോതാക്കൾക്കും വീട്ടമ്മമാർക്കുമായി ഒട്ടേറെ മത്സരങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് www.360.radio വെബ്സൈറ്റ് സന്ദർശിക്കാം. 360radiouae എന്ന ആപ് വഴി മൊബൈൽ ഫോണുകളിലൂടെയും ഇതിന്‍റെ ഭാഗമാവാം.

Tags:    
News Summary - 'Station 360' radio started working for expatriate families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.