യു.എ.ഇയുടെ വടക്കൻ തീരമേഖലകളിൽ എപ്പോഴും ചരിത്രം മിടിച്ചുകൊണ്ടിരിക്കുന്നുണ്ട്. സഞ്ചാരപാതകളുടെ മണ്ണരടുകൾക്കടിയിൽ നിന്ന് പൗരാണികതയുടെ കരവിരുതുകൾ ഉദ്ഖനനങ്ങളിൽ നിന്ന് പുറത്ത് വരുമ്പോഴാണ് പുതുതലമുറയിൽ വിസ്മയങ്ങൾ പൂക്കുന്നത്.
കണ്ടൽ കാടുകളാൽ സമ്പന്നമായ കൽബക്ക് അധിനിവേശങ്ങളെ ചെറുത്ത കരുത്തുണ്ട്. ഇതിനു തെളിവാണ് കൽബ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കോട്ട.
1745ൽ നിർമ്മിച്ച കോട്ട 1820ൽ നവീകരിച്ചു. 1624 മാർച്ചിൽ കൽബ തീരത്ത് എത്തിയ പോർച്ചുഗീസ് കമാൻഡർ ഗാസ്പർ ലെയ്റ്റാണ് കോട്ടയുടെ നിർമാണത്തിന് തുടക്കമിട്ടതെന്നാണ് നിഗമനം. വടക്കൻ മേഖലകളിൽ അധിനിവേശം നടത്തിയ പോർച്ചുഗീസ് പട നിരവധി കോട്ടകൾ കെട്ടി സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ ഉശിരിന് മുന്നിൽ മുട്ടുമടക്കി സ്ഥലം വിടേണ്ടിവന്നു. കൽബ കോട്ടയോട് ചേർന്നാണ് കൽബ കനാൽ കടന്നുപോകുന്നത്.
പ്രകൃതി കനിഞ്ഞരുളിയ ഈ കനാലിലൂടെയാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് വള്ളങ്ങളിൽ ചരക്കുകൾ കൊണ്ടുപോയിരുന്നത്. എന്നാൽ, ഈ തോട് ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണ കേന്ദ്രമാണ്. കോട്ടയോട് ചേർന്ന പാർപ്പിട മേഖലകൾക്ക് 500 വർഷത്തെ പഴക്കമാണ് കണക്കാക്കുന്നത്.
1996 ഡിസംബറിൽ കോട്ട നവീകരണം പൂർത്തിയായതോടെയാണ് സന്ദർശകർക്ക് കാണാൻ അനുമതി ലഭിച്ചത്. 1435 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കോട്ടയിൽ രണ്ട് നില ഗോപുരം (മുറാബ) ഉണ്ട്. ഇവിടെ നിന്ന് നോക്കിയാൽ കായലും കടലും ചേരുന്നത് കാണാം. കോട്ടയോട് ചേർന്ന് 1898നും 1901നും ഇടയിൽ നിർമ്മിച്ച, ബെയ്ത് ശൈഖ് സയീദ് ബിൻ ഹമദ് അൽ ഖാസിമി എന്നറിയപ്പെടുന്ന പരമ്പരാഗത ഭവനമുണ്ട്. 1999 ഡിസംബറിൽ ഇത് മ്യൂസിയമായി തുറന്നു.
സന്ദർശകർക്കായി നിരവധി കാഴ്ച്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.