അബൂദബി: മേഖലയിലെ ആദ്യത്തെ വെര്‍ട്ടിക്കിള്‍ സ്ട്രോബറി ഫാം അബൂദബിയില്‍ ഒരുങ്ങുന്നു. സുസ്ഥിര കൃഷിയെയും പ്രാദേശിക ഉൽപാദനത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 7,500 ചതുരശ്ര മീറ്ററില്‍ ഇന്‍ഡോര്‍ വെര്‍ട്ടിക്കില്‍ സ്ട്രോബറി ഫാം അബൂദബിയില്‍ ഒരുങ്ങുന്നത്.
ആല്‍ഫ ദബി ഹോള്ഡിങ്ങിന്റ ഉപകമ്പനിയായ മവാരിദ് ആണ് കാലിഫോണിയ ആസ്ഥാനമായ കാര്‍ഷിക സ്ഥാപനം ‘പ്ലന്റി’യുമായി സഹകരിച്ച് വടക്കേ അമേരിക്കക്ക് പുറത്തുള്ള ആദ്യ വെര്‍ട്ടിക്കിള്‍ സ്ട്രോബറി ഫാം ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ കഴിഞ്ഞമാസമാണ് ഇരുകമ്പനികളും ഒപ്പുവച്ചത്.
നൂതന സാങ്കേതിക വിദ്യയിലൂടെ യു.എ.ഇയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ഈ പങ്കാളിത്ത സംരംഭം സഹായിക്കുമെന്ന് മവാരിദ് ഗ്രൂപ്പ് സി.ഇ.ഒ കാഷിഫ് ശംസി പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ ഈ കൃഷി രീതിയിലൂടെ ജി.സി.സിയിലുടനീളം സ്ട്രോബറി വിതരണം ചെയ്യാന്‍ തങ്ങള്‍ക്കാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ ശൈത്യകാലത്താവും അബൂദബിയിലെ വെര്‍ട്ടിക്കിള്‍ ഫാം ആരംഭിക്കുക.
50 കോടി ദിര്‍ഹമാണ് പദ്ധതിക്കായി നിക്ഷേപിക്കുക. ഫാമില്‍ നിന്ന് പ്രതിവര്‍ഷം 20 ലക്ഷം കിലോഗ്രാം സ്ട്രോബറി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 100 പേര്‍ക്ക് ഇവിടെ പ്രത്യക്ഷത്തില്‍ ജോലി നല്‍കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ കൃഷിയെ അപേക്ഷിച്ച് 90 ശതമാനം ഭൂമിയും 90 ശതമാനം വെള്ളവും ഈ കൃഷി രീതിക്ക് കുറച്ചു മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുകിട കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും പ്രാദേശിക ഉൽപാദനത്തെ പിന്തുണക്കാനും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പുവരുത്താനും അബൂദബിയിലെ ചെറുകിട സസ്യ ഉൽപാദന ഫാമുകള്‍ക്ക് അടുത്തിടെ അധികൃതർ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രാദേശിക കാര്‍ഷിക ഉൽപന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിപണിയിയില്‍ അവക്ക് കൂടുതല്‍ മല്‍സരക്ഷമത ലഭിക്കുന്നതിനുമായ ഫാമുകളിലെ സസ്യ ഉൽപാദന നടപടികള്‍ക്കാണ് കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്.
അബൂദബിയിലെ കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനമുള്ള ചെറുകിട കര്‍ഷകരുടെ ശ്രമങ്ങളെ സഹായിക്കാനുള്ള അബൂദബി സര്‍ക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ തീരുമാനം. മികച്ച കാര്‍ഷിക രീതികള്‍ സ്വീകരിക്കുന്നതിനും കാര്‍ഷിക വിളകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിന് അവര്‍ക്ക് പരിശീലനമടക്കമുള്ള കാര്യങ്ങള്‍ അധികൃതർ ചെയ്യുന്നുണ്ട്.
ഫാമിന്റെ വ്യാപാര നാമ ഉപയോഗം, കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായും ഉൽപാദനവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖകളായി സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യവസ്ഥയുണ്ടാക്കുകയെന്നതും പുതിയ തീരുമാനത്തിന്റെ ലക്ഷ്യമാണ്. പ്രാദേശിക കര്‍ഷകരില്‍ നിന്ന് വിളകള്‍ നേരിട്ട് വാങ്ങി അവരെ പിന്തുണക്കണമെന്നും കാര്‍ഷിക മേഖലയെ പിന്തുണച്ച് അബൂദബിയുടെ ഭക്ഷ്യ സുരക്ഷ കൈവരിക്കണമെന്നും അഡാഫ്സ അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.