ദുബൈ: ഏഷ്യ കപ്പ് യോഗ്യത ലക്ഷ്യമിട്ട് നടക്കുന്ന എ.സി.സി മെൻസ് പ്രീമിയർ കപ്പിൽ യു.എ.ഇക്ക് കൂറ്റൻ ജയം. രണ്ട് താരങ്ങൾ സെഞ്ച്വറി കണ്ടെത്തിയ മത്സരത്തിൽ 201 റൺസിനാണ് സിംഗപ്പൂരിനെ തകർത്തത്. യു.എ.ഇ ഉയർത്തിയ 471 റൺസ് എന്ന പടുകൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംഗപ്പൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 279 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. വിക്കറ്റ് കീപ്പർ വൃത്യ അരവിന്ദിന്റെയും (133 പന്തിൽ 174) നായകൻ മുഹമ്മദ് വസീമിന്റെയും (82 പന്തിൽ 160) വെടിക്കെട്ടാണ് യു.എ.ഇക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അയാൻ അഫ്സൽ ഖാൻ (50 പന്തിൽ 74) മികച്ച പിന്തുണ നൽകി.
22 റൺസിലെത്തിയപ്പോൾ ആദ്യ വിക്കറ്റ് വീണെങ്കിലും പിന്നീട് കണ്ടത് ഡബിൾ സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു. പതിയെ തുടങ്ങിയ വസീമും അരവിന്ദും പിന്നീട് കത്തിക്കയറി. 16 സിക്സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു വസീമിന്റെ ഇന്നിങ്സെങ്കിൽ ഏഴ് സിക്സും 17 ഫോറും ഉൾപ്പെട്ടതായിരുന്നു അരവിന്ദിന്റെ ഇന്നിങ്സ്. 28ാം ഓവറിൽ വസീം പുറത്താകുമ്പോൾ സ്വന്തം സ്കോർ 160ൽ എത്തിച്ചിരുന്നു. ചെന്നൈക്കാരനായ അരവിന്ദ് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് യു.എ.ഇക്കായി മികച്ച സ്കോർ നേടുന്നത്. കുവൈത്തിനെതിരായ കഴിഞ്ഞ മത്സരത്തിൽ 185 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ സിംഗപ്പൂരിന്റെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. മുഹമ്മദ് വസീമാണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.