ദുബൈ: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എമിറേറ്റിലെ സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്ക് ദുബൈ പൊലീസ് പ്രത്യേക ബോധവത്കരണ ക്ലാസുകളുടെ പരമ്പര സംഘടിപ്പിച്ചു. ‘അപകടമില്ലാത്ത ദിനം’ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസുകളിൽ എമിറേറ്റിലെ 217 സ്കൂൾ ബസ് ഡ്രൈവർമാർ പങ്കെടുത്തു.സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കൽ, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുക, സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുക, റോഡ് ഉപയോക്താക്കളുടെ ജീവൻ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ക്ലാസുകളാണ് നടന്നത്.
ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ മുൻഗണന നൽകണമെന്ന് രക്ഷിതാക്കളോടും ദുബൈ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി അഭ്യർഥിച്ചു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കുക, ക്ഷമകാണിക്കുക, റോഡുകളിൽ നിശ്ചിത ലൈനുകളിൽ മാത്രം ബസ് കാത്തുനിൽക്കുക, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പാർക്കിങ് ഇടങ്ങൾ ഉപയോഗിക്കുക, അനുവദനീയമല്ലാത്ത ഇടങ്ങളിൽ പാർക്ക് ചെയ്യാതിരിക്കുക തുടങ്ങിയവ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള മാർഗനിർദേശം അടങ്ങിയ സൈൻ ബോർഡുകൾ നിരീക്ഷിക്കണം. അത് വേഗത കുറക്കുന്നതിനും ജാഗ്രത വർധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ നീക്കൾ മുൻകൂട്ടി കണ്ട് സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.