അബൂദബി: സ്കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ വരുത്തേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്തമാണെന്ന് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). കുട്ടികൾക്കായി പുറത്തുനിന്നുള്ള സ്വകാര്യ വാഹനങ്ങൾ ഏര്‍പ്പെടുത്തിയാലും ഉത്തരവാദിത്തം സ്കൂളുകള്‍ക്കാണ്.
കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ബസ് ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം ലഭിക്കുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്നും പുതിയ സ്കൂള്‍ ഗതാഗത നയവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അഡെക് വ്യക്തമാക്കി.
പുതിയ നയപ്രകാരം വിദ്യാര്‍ഥികളുടെ പെരുമാറ്റ നയങ്ങളില്‍ ബസ് യാത്രയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. അതോടൊപ്പം ബസുകളിൽ വിദ്യാർഥികൾ അച്ചടക്കം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ വിവരങ്ങള്‍ കൈമാറുന്നതിന്റെയും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തേണ്ടതിന്റെയും ഉത്തരവാദിത്തം സ്കൂളുകൾക്കാണ്. ബസുകൾ സമയനിഷ്ഠ പാലിച്ചിരിക്കണം. മാര്ഗനിര്ദേശങ്ങൾക്കനുസരിച്ചായിരിക്കണം കുട്ടികളെ ബസുകളിൽ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടത്.
11 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ സ്റ്റോപ്പില്‍ ഇറക്കുമ്പോള്‍ രക്ഷിതാവ് ഉണ്ടെന്ന് ബസ് സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ഥികളല്ലാതെ മറ്റുള്ളവരെ ബസില്‍ കയറ്റരുത്.
15 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ക്ക് രക്ഷിതാവിനുപകരം വിദ്യാര്‍ഥികളെ സ്റ്റോപ്പുകളിൽ സ്വീകരിക്കാം. ഇതിനുള്ള സമ്മതപത്രം രക്ഷിതാവ് സ്കൂളില്‍ നല്‍കിയിരിക്കണം. അബൂദബി മൊബിലിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സ്കൂള്‍ ബസുകളിലെ ഫീസ് നിരക്ക്. ഇതിന് അഡെക്കിന്റെ അംഗീകാരവും വേണം.
സ്കൂളുകളില്‍ നിന്ന് ഫീല്‍ഡ് ട്രിപ്പുകള്‍ പോകുമ്പോള്‍ ബസുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം.
80 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രക്ക് സ്കൂള്‍ ബസുകള്‍ക്കുപകരം ടൂറിസ്റ്റ് ബസുകള്‍ ഉപയോഗപ്പെടുത്താം. ഈ വിവരം ഫീല്‍ഡ് ട്രിപ്പ് സമ്മതപത്രത്തിലൂടെ മാതാപിതാക്കളെ അറിയിക്കണം. കൂടാതെ ടൂറിസ്റ്റ് ബസുകള്‍ ട്രാക്ക് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം സ്കൂളുകള്‍ക്കാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.