12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് രണ്ടാഴ്ച കൂടുേമ്പാൾ പി.സി.ആർ ടെസ്റ്റ്
അൽഐൻ: 11 മാസങ്ങൾക്കു ശേഷം അബൂദബിയിലെ സ്കൂളുകളിലെ എല്ലാ ക്ലാസുകളും വീണ്ടും സജീവമായിത്തുടങ്ങി. ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്കൂളിലെത്തിയ കുട്ടികളിൽ ആവേശവും സന്തോഷവും പ്രകടമായിരുന്നു.
സ്കൂൾ തുറക്കുന്നതിനും വിദ്യാർഥികളെ സ്വീകരിക്കുന്നതിനും വലിയ ആവേശത്തോടെയാണ് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പും (അഡെക്) സ്കൂളുകളും മുന്നൊരുക്കങ്ങൾ നടത്തിയത്. 12 വയസ്സ് പൂർത്തിയായ വിദ്യാർഥികൾ പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് സ്കൂളുകളിൽ എത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതോടൊപ്പം കൃത്യമായ അകലവും പാലിച്ച് വിദ്യാർഥികൾ ക്ലാസ് മുറികളിൽ ഇരുന്നു.
കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി 2020 മാർച്ച് എട്ടിനാണ് വിദ്യാർഥികൾ സ്കൂളുകളിലെത്തിയുള്ള പഠനം അവസാനിപ്പിച്ച് ഓൺലൈൻ പഠന രീതിയിലേക്ക് മാറുന്നത്. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും ജൂലൈ രണ്ടുവരെ ഓൺലൈൻ പഠനമായിരുന്നു.
മധ്യവേനൽ അവധിക്ക് ശേഷം സ്കൂളുകൾ ആഗസ്റ്റ് 30ന് തുറന്നപ്പോൾ കെ.ജി ക്ലാസുകൾ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളും ബോർഡ് പരീക്ഷകൾ എഴുതുന്ന പത്താം തരത്തിലെയും 12ാം ക്ലാസിലെയും കുട്ടികളുമാണ് സ്കൂളുകളിൽ എത്തിയിരുന്നത്. അപ്പോഴും രക്ഷിതാക്കൾക്ക് വിദ്യാർഥികൾ സ്കൂളുകളിൽ എത്തിയുള്ള പഠനമോ ഓൺലൈൻ പഠനമോ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു.
ശൈത്യകാല അവധിക്ക് ശേഷം 2021 ജനുവരി മൂന്നിന് മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും സ്കൂളിലെത്തിയുള്ള പഠനത്തിന് അവസരമൊരുക്കി സ്കൂളുകൾ തുറക്കാൻ അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് തീരുമാനിച്ചിരുെന്നങ്കിലും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഫെബ്രുവരി 14ലേക്ക് നീട്ടുകയായിരുന്നു. പല സ്കൂളുകളിലും 50 ശതമാനത്തിലധികം വിദ്യാർഥികൾ സ്കൂളുകളിൽ ഹാജരായി. അൽഐൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂളിൽ 50 ശതമാനത്തിലധികം വിദ്യാർഥികൾ ഹാജരായതായി പ്രിൻസിപ്പൽ സി.കെ.എ മനാഫ് പറഞ്ഞു.
ആറ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ ക്ലാസ് മുറികളിലിരുന്നുള്ള പഠനം തെരഞ്ഞെടുത്തവരാണ് മാസങ്ങൾക്ക് ശേഷം ആദ്യമായി ഇന്നലെ സ്കൂളുകളിൽ എത്തിയത്. മറ്റു വിദ്യാർഥികൾ ചെറിയ ഇടവേളക്കു ശേഷവും. എന്നാൽ, ഓൺലൈൻ പഠനം തെരഞ്ഞെടുത്ത ഈ ഗണത്തിൽപെട്ട വിദ്യാർഥികൾ സ്കൂളുകളിൽ എത്തുന്നത് ഇനിയും വൈകും. ഓൺലൈൻ പഠന രീതിയോ സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനരീതിയോ തെരഞ്ഞെടുക്കാനുള്ള അവകാശം ഇപ്പോഴും രക്ഷിതാക്കൾക്കുണ്ട്.
അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പിെൻറ കർശന പരിശോധനകൾ തുടർന്നും സ്കൂളുകളിൽ ഉണ്ടാകും. ഓരോ ദിവസത്തെയും വിദ്യാർഥികളുടെ ഹാജർനില പരിശോധിക്കുന്നുണ്ട്. അധ്യാപകർക്കും ജീവനക്കാർക്കും കോവിഡ് വാക്സിൻ നൽകുന്ന പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച തോറും അധ്യാപകരും ഇതര ജീവനക്കാരും 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും കോവിഡ് പരിശോധന നടത്തണം.
മാർച്ചിൽ സ്കൂളുകളിൽ വാർഷിക പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂളുകളും അധ്യാപകരും. മാർച്ച് അവസാനത്തോടെ ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ അക്കാദമിക് വർഷം അവസാനിക്കും. മൂന്ന് ആഴ്ച നീളുന്ന വസന്തകാല അവധിക്ക് ശേഷം ഏപ്രിൽ മൂന്നാം വാരത്തിൽ അടുത്ത അക്കാദമിക് വർഷം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.