ദുബൈ: കനത്ത ചൂട് അവസാനിക്കുന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം യു.എ.ഇയിൽ ദൃശ്യമായി. അൽ ഐനിൽ രാവിലെ 5.20ന് പ്രത്യക്ഷപ്പെട്ട നക്ഷത്രത്തിന്റെ ചിത്രം വാനനിരീക്ഷകർ പകർത്തിയിട്ടുണ്ട്. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥ മാറ്റത്തിന്റെ ചിഹ്നമായാണ് നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറും.ആഗസ്റ്റ് 24ന് സുഹൈൽ പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
മറ്റു ഗൾഫ് രാജ്യങ്ങളിലും സുഹൈലിന്റെ വരവ് പ്രതീക്ഷയോടെയാണ് പരമ്പരാഗതമായി കാത്തിരിക്കാറുള്ളത്. ‘യമനിലെ നക്ഷത്രം’ എന്നറിയപ്പെടുന്ന സുഹൈലിന് അറബ് പാരമ്പര്യത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്. സുഹൈൽ പ്രത്യക്ഷപ്പെട്ട ശേഷം മേഖലയിൽ ഏകദേശം 40 ദിവസത്തെ ‘സുഫ്രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥയാണ് അനുഭവപ്പെടുക. തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടയിലുള്ള കാലമാണിത്.
പിന്നീട് ഒക്ടോബർ പകുതി മുതൽ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. സുഹൈലിന്റെ ഉദയത്തിന് നൂറു ദിവസങ്ങൾക്ക് ശേഷമാണ് ശൈത്യകാലം ആരംഭിക്കുന്നത്.സുഹൈലിന്റെ വരവ് ഇന്ത്യൻ മൺസൂൺ ദുർബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യുന്നതിന്റെ സൂചന കൂടിയാണ്. ഇക്കാലയളവിൽ ഈർപ്പം വർധിക്കുന്നത് മേഘങ്ങൾ രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. ഇത് പ്രത്യേകിച്ച് ഒമാനിലെയും യു.എ.ഇയിലെയും ഹജർ പർവതനിരകളുടെ കിഴക്കൻ ചരിവുകളിൽ മഴക്ക് കാരണമാകാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.