ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ സന്ദർശിച്ച് രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി. ബുധനാഴ്ച ദുബൈയിലെ സഅബീൽ പാലസിലെത്തിയ സുൽത്താൻ അൽ നിയാദി ബഹിരാകാശ പര്യവേക്ഷണത്തിനായി കൊണ്ടുപോയ യു.എ.ഇയുടെ ദേശീയ പതാക ശൈഖ് മുഹമ്മദിന് സമ്മാനിച്ചു.
ബഹിരാകാശ സഞ്ചാരിയായ ഹസ്സ അൽ മൻസൂരിയും സുൽത്താൻ നിയാദിക്കൊപ്പമുണ്ടായിരുന്നു. ഇരുവരെയും ഭരണാധികാരി അഭിനന്ദിച്ചു. ബഹിരാകാശ സഞ്ചാരികളേക്കാൾ രാജ്യത്തെ പുതു തലമുറയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് തിരികൊളുത്തിയ റോൾ മോഡലുകളാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സായിദ് അംബീഷൻ 2 ടീമിനെയും ഭരണാധികാരി അഭിനന്ദനം അറിയിച്ചു. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് രാജ്യത്തെ മുൻനിരയിലെത്തിക്കുന്നതിൽ ഇവർ കാണിക്കുന്ന ആത്മാർഥതയേയും കഠിന പരിശ്രമത്തെയും അദ്ദേഹം പ്രശംസിച്ചു. മുഹമ്മദ് അൽ മുല്ല, നൂറ അൽ മത്റൂഷി എന്നിവരാണ് ‘സായിദ് അംബീഷൻ 2വിലെ അംഗങ്ങൾ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ നേതൃത്വത്തിൽ പര്യവേക്ഷണത്തിനായുള്ള പരിശീലനത്തിലാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.