ദുബൈ: അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശദൗത്യത്തിന് തയാറെടുക്കുന്ന യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശകേന്ദ്രത്തിലെത്തി. ടെക്സസിലെ ഹൂസ്റ്റണിൽ സ്ഥിതിചെയ്യുന്ന ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിൽ തന്റെ അവസാന പ്രീ-മിഷൻ പരിശീലനം പൂർത്തിയാക്കിയാണ് ഫ്ലോറിഡയിൽ വന്നിറങ്ങിയത്. ‘നാസ’യുടെ പ്രത്യേക വിമാനത്തിൽ സഹയാത്രികർക്കൊപ്പമാണ് അൽ നിയാദി എത്തിച്ചേർന്നത്. അതിനിടെ, നേരത്തേ നിശ്ചയിച്ചതിൽനിന്ന് യാത്ര ഒരു ദിവസത്തേക്ക് നീട്ടിയതായി അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ യു.എ.ഇ സമയം 10.45നാണ് സംഘം ആറുമാസത്തെ ദൗത്യത്തിന് പുറപ്പെടുക. നേരത്തേ ഞായറാഴ്ച പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്.
ദൗത്യം വലിയൊരു പദവിയാണ് സമ്മാനിച്ചിട്ടുള്ളതെന്നും യാഥാർഥ്യമാണോ എന്ന് അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴെന്നും നിയാദി കെന്നഡി ബഹിരാകാശ നിലയത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. ശാരീരികമായും മാനസികമായും സാങ്കേതികമായും തയാറെടുപ്പുകളെല്ലാം പൂർത്തിയായെന്നും ബഹിരാകാശത്തേക്കു കുതിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ നിയാദി അടക്കം നാലു ബഹിരാകാശയാത്രികരെ വഹിച്ച് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ബഹിരാകാശത്തേക്കു കുതിക്കുക. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യക്കാരനായ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുൽത്താന് ഒപ്പമുണ്ടാവുക. കമാൻഡർ സ്റ്റീഫൻ ബോവൻ മാത്രമാണ് ഇവരിൽ നേരത്തേ ബഹിരാകാശയാത്ര നടത്തിയിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണപരീക്ഷണങ്ങൾ സംഘം നടത്തും. യു.എ.ഇയിലെ നിരവധി സർവകലാശാലകൾ നിയോഗിച്ചിട്ടുള്ള 19 ശാസ്ത്രപരീക്ഷണങ്ങൾ അൽ നിയാദി ദൗത്യകാലത്തിനിടയിൽ പൂർത്തിയാക്കും. യു.എ.ഇയുടെ ആദ്യ ബഹിരാകാശദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു യാത്രികരിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. ഒപ്പമുണ്ടായിരുന്ന ഹസ്സ അൽ മൻസൂരിക്കാണ് 2019ൽ ആദ്യമായി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്താൻ അവസരം ലഭിച്ചത്. അഞ്ചു വർഷത്തിലേറെ നീണ്ട പരിശീലനം പൂർത്തിയാക്കിയാണ് സുൽത്താൻ സ്പേസ് സ്റ്റേഷനിൽ ആറുമാസത്തോളം നീളുന്ന മിഷന് പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.