അബൂദബി: വേനലവധിയുമായി ബന്ധപ്പെട്ട യാത്രകൾമൂലം വീടുകൾ അടച്ചിട്ടുപോവുന്നതിലുള്ള ആശങ്കകൾ പരിഹരിക്കാൻ സേഫ് സമ്മർ കാമ്പയിനുമായി അബൂദബി പൊലീസ്. രാജ്യത്തിനു പുറത്തുപോവുന്ന സമയത്ത് വീടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകൾ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞദിവസം കാമ്പയിനു തുടക്കം കുറിച്ചത്. വീടുകൾ സുരക്ഷിതമാക്കുന്നതിനുള്ള വഴികൾ ജനങ്ങൾക്ക് പകർന്നുനൽകുന്നതിന് നിരവധി സർക്കാർ സമിതികളുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു.
കവർച്ചകൾ തടയുന്നതിനും വേനൽക്കാലത്ത് വീടുകൾക്ക് തീപിടിക്കുന്നത് തടയുന്നതിനും കൂട്ടായ ഉത്തരവാദിത്തമുള്ളതിനാലാണ് നടപടിയെന്നും പൊലീസ് കൂട്ടിച്ചേർത്തു. സ്വത്തിനും ജീവനും സുരക്ഷയൊരുക്കുന്നതിനായി മാർഗനിർദേശങ്ങളും സുരക്ഷ ഉപദേശങ്ങളും പാലിക്കണം. വീടുകൾ ശരിയായ രീതിയിൽ പൂട്ടുകയും വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായ പെട്ടികളിലോ ബാങ്കുകളിലോ സൂക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വീടുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. സംശയകരമായ സാഹചര്യമുണ്ടായാൽ അപായ സൈറൺ മുഴങ്ങുന്ന സംവിധാനവും വീടുകളിൽ ഏർപ്പെടുത്തേണ്ടതുണ്ട്. പത്രങ്ങളും മറ്റും വരുത്തുന്നുണ്ടെങ്കിൽ ആളില്ലാത്തപ്പോൾ ഇവ വാതിൽക്കൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ദിനേന എടുത്തുമാറ്റാൻ ബന്ധുക്കളെയോ അയൽക്കാരെയോ ഏർപ്പെടുത്തണം. യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുത്. കൊടും ചൂടുകാലം ആഗതമാവുന്നതിൽ തീപിടിത്തമുണ്ടാവാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും വീടുകളിൽ സ്വീകരിച്ചിരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
നിലവാരം കുറഞ്ഞ കേബിളുകൾ ഉപയോഗിക്കുന്നതാണ് പലപ്പോഴും വീടുകളിലെ തീപിടിത്തത്തിനു കാരണമാവുന്നതെന്നു ചൂണ്ടിക്കാട്ടിയ പൊലീസ് പ്രഫഷനലുകളല്ലാത്ത ഇലക്ട്രീഷ്യന്മാരുടെ ജോലികളും വിനയാവാറുണ്ടെന്നും കൂട്ടിച്ചേർത്തു. പുറത്തുപോവുമ്പോൾ എ.സിയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും സ്വിച്ച്ഓഫ് ചെയ്യണമെന്നും പാചകവാതക സിലിണ്ടറുകൾ അടച്ചിടണമെന്നും ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലും കുറ്റകൃത്യങ്ങൾ അറിയിക്കാനും 999, അമൻ സേവനത്തിലൂടെ 80002626 എന്നീ നമ്പറുകളിൽ വിളിക്കുകയോ 2828 എന്ന നമ്പറിൽ സന്ദേശമയക്കുകയോ ചെയ്യണമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.