ദുബൈ: ഈ ആഴ്ചയോടെ രാജ്യത്തെ പലയിടങ്ങളിലും അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ ദിവസങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 25 കിലോമീറ്റർ വരെ ആകും. ഇത് പൊടിക്കാറ്റിന് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വ്യാഴാഴ്ച അബൂദബിയിലെ സിലയിൽ അന്തരീക്ഷ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ എത്താനും സാധ്യതയുണ്ട്. അബൂദബിയിലും ദുബൈയിലും താപനില ഈ ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അഞ്ചു ദിവസത്തെ ബുള്ളറ്റിനിൽ വ്യക്തമാക്കി. അതേസമയം, ദുബൈയിൽ വെള്ളിയാഴ്ച 37 ഡിഗ്രി സെൽഷ്യസ് ചൂടേ അനുഭവപ്പെടൂ. അൽഐനിലെ സ്വൈഹാൻ നഗരത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട നഗരം.
2021ൽ ജൂൺ ആറിന് ഇവിടത്തെ താപനില 51.8 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു അതെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ സ്വൈാഹനിൽ താപനില 50 വരെ എത്തുകയും ചെയ്തിരുന്നു. വരുംദിവസങ്ങളിൽ നിവാസികൾക്ക് തീവ്രമായ സൂര്യപ്രകാശം പ്രതീക്ഷിക്കാമെങ്കിലും, അന്തരീക്ഷം മേഘാവൃതമായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. കനത്ത വേനലിനെ മുന്നിൽകണ്ട് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമ നിയമം യു.എ.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണമെന്നാണ് നിർദേശം. ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ വെള്ളവും മറ്റു സൗകര്യങ്ങളും അതത് കമ്പനികൾ നൽകണം. നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.