മനാമ: വേനൽ കടുക്കുന്ന സാഹചര്യത്തിൽ തീപിടിത്ത സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. ഓരോദിവസവും താപനില ഉയരുകയാണെന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് നിർദേശം. ഗ്യാസ് സിലിണ്ടറുകൾക്ക് തീപിടിക്കുന്നത് ചൂടുകാലത്ത് സാധാരണമാണ്. പലപ്പോഴും ശ്രദ്ധക്കുറവാണ് അപകടകാരണമാകുന്നത്.
ഗ്യാസ് സിലിണ്ടറുകൾ സ്ഥിരമായി പരിശോധിക്കുന്നതും ഗ്യാസ് ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും അപകടം ഒഴിവാക്കാൻ സഹായിക്കും. അറ്റകുറ്റപ്പണി ആവശ്യമാണെങ്കിൽ ഉടൻ ചെയ്യുകയാണ് വേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.ഈയാഴ്ച താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച ചില ദിവസങ്ങളിൽ താപനില ഉയർന്ന് 38 ഡിഗ്രിയിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.
ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നതിനാൽ പകൽ താപനില ഉയരും. തീപിടിത്ത സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പലരും ഗൗരവമായെടുക്കാറില്ല. വാതക ചോർച്ചയുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും പലർക്കും വേണ്ടത്ര അവബോധമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. അതിനാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ ആഭിമുഖ്യത്തിൽ തീപിടിത്തം തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള മാർഗനിർദേശവും ബോധവത്കരണ പരിപാടികളും വിഡിയോ സംപ്രേഷണവും നടത്താറുണ്ട്.
അപകടങ്ങളുടെയും തീപിടിത്തങ്ങളുടെയും എണ്ണം കുറക്കുന്നതിന് സഹായകമായ രീതിയിൽ വീടുകൾ സന്ദർശിച്ച് മാർഗനിർദേശം നൽകാനും ലക്ഷ്യമിടുന്നുണ്ട്. ഗ്യാസ് ചോർച്ചയുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പ്രത്യേക മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.ഗ്യാസ് സിലിണ്ടറും പൈപ്പുകളും ഹോസുകളും വാൽവുകളും ഇടക്കിടെ പരിശോധിക്കേണ്ടത് പ്രാധാന്യമുള്ളതാണെന്ന് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നു. പാചകവാതകം പ്രവഹിക്കുന്ന റബർ ഹോസിൽ പൊട്ടലോ വിള്ളലോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
മികച്ച നിലവാരമുള്ള ഹോസുകളായിരിക്കണം ഉപയോഗിക്കേണ്ടത്. റബർ ഹോസിന് ചോർച്ചയുണ്ടോ എന്ന് പരിശോധിക്കാൻ സോപ്പ് പത ഉപയോഗിക്കാം. ചോർച്ചയില്ലെന്ന് ഉറപ്പാക്കുകയും ഗ്യാസ് സ്റ്റൗ സ്വിച്ചുകൾ ഉപയോഗത്തിനുശേഷം അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് അപകം ഒഴിവാക്കാൻ സഹായകരമാണ്. കുട്ടികൾ പെരുമാറുന്ന സ്ഥലങ്ങളിൽ നിന്ന് അകലെ, ഉചിതമായ സ്ഥലങ്ങളിലായിരിക്കണം
ഓവനുകൾ സ്ഥാപിക്കേണ്ടത്. സ്റ്റൗവും മറ്റും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം. പാചകവാതകം പ്രവഹിക്കുന്ന ഔട്ട്ലറ്റുകൾ അടഞ്ഞിട്ടില്ലെന്നും ഉറപ്പുവരുത്തണം.പാചകം ചെയ്യുമ്പോൾ കുട്ടികളെ അടുക്കളയിൽ പ്രവേശിപ്പിക്കരുത്, ഓവനുകളുടെ ഗ്ലാസ് വാതിലുകളിൽ കൈകൾ വെക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളും ഡയറക്ടറേറ്റ് നൽകുന്നു.
അടുക്കളകളിൽ ഗ്യാസ് ലീക്ക് ഡിറ്റക്ടറുകൾ ഉണ്ടായിരിക്കണം. സിലിണ്ടറുകൾ നന്നായി വായുസഞ്ചാരമുള്ളതും അടച്ചുറപ്പുള്ളതുമായ കാബിനിനുള്ളിലായിരിക്കണം വെക്കേണ്ടത്. നേരിട്ട് സൂര്യപ്രകാശം അടിക്കാൻ പാടില്ല. സിലിണ്ടറുകൾക്ക് സമീപം കത്തുന്ന വസ്തുക്കളില്ലെന്നും ഉറപ്പുവരുത്തണം. വീട്ടിൽ വാതക ചോർച്ച കണ്ടെത്തിയാൽ, പ്രധാന ഉറവിടത്തിൽനിന്ന് ഗ്യാസ് വാൽവ് കർശനമായി അടക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ഉടൻ മാറ്റുകയും വേണം. സ്റ്റൗ കെടുത്തുകയും വാതിലുകളും ജനലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം.
ഈ സമയത്ത് ഇലക്ട്രിക്കൽ സ്വിച്ചുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വാതക ചോർച്ച പരിഹരിക്കാൻ വിദഗ്ധന്റെ സേവനം ഉറപ്പുവരുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.