അജ്മാന്: വര്‍ധിച്ചുവരുന്ന വേനല്‍ കണക്കിലെടുത്ത് ഗതാഗത സുരക്ഷാ കാമ്പയിനുമായി അജ്മാന് പൊലീസ്.വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനിലയില്‍ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് കാമ്പയിന്‍. വേനൽക്കാല വാഹനാപകട തോതും മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണവും കുറക്കുന്നത് ലക്ഷ്യമിട്ടാണ് കാമ്പയിനെന്ന് ട്രാഫിക്, പട്രോളിങ് വകുപ്പ് ഡയറക്ടർ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.
ഒരു മാസം നീളുന്നതാണ് കാമ്പയിന്‍. വാഹനസുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുക, സമയത്ത് അറ്റകുറ്റപ്പണി നടത്തുക, ടയറുകൾ പരിശോധിക്കുക, അവയുടെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളുന്നതിെൻറ പ്രാധാന്യം ഡ്രൈവർമാരെ ബോധവത്കരിക്കലും കാമ്പയിന്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
വാഹനത്തിെൻറ സമഗ്രമായ അറ്റകുറ്റപ്പണി നടത്തുക, തകരാറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക, ഡ്രൈവിങ്ങിനെ ബാധിക്കാത്ത തരത്തില്‍ വാഹനത്തില്‍ നിർദിഷ്ട ലോഡ് പാലിക്കുക, വേനൽക്കാലത്ത് ഉയർന്ന താപനില നിലനില്‍ക്കുന്ന സമയത്ത് കത്തുന്ന ദ്രാവകം പോലുള്ള വസ്തുക്കള്‍ ലോഡ് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെക്കുന്നു. റേഡിയോ, ടെലിവിഷൻ, പത്രങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ സമൂഹത്തിെൻറ എല്ലാ വിഭാഗങ്ങളെയും കാമ്പയിന്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
ഡ്രൈവർമാർ റോഡിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രതപാലിക്കണമെന്നും ഗതാഗത നിയമങ്ങളില്‍ വീഴ്ചവരുത്തരുതെന്നും സുരക്ഷിതമായ വേനൽക്കാലം ഉറപ്പാക്കാൻ റോഡിലെ വേഗപരിധി കവിയരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.