ഷാർജ : ഷാർജ എക്സ്പോ സെന്‍ററിൽ വീണ്ടും സമ്മർ സെയിൽ. ബാക്ക് ടു സ്കൂൾ ഓഫറുകൾ ഉൾപ്പെടുത്തി പുതുമകളോടെയാണ് സമ്മർ സെയിൽ തിരിച്ചെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങിയ മേള സെപ്റ്റംബർ നാല് വരെ തുടരും. ലിസ് എക്സിബിഷന്‍റെ നേതൃത്വത്തിലാണ് പത്ത്ദിവസം നീളുന്ന ഫെസ്റ്റ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്കുള്ള കലക്ഷനാണ് ഇത്തവണത്തെ സമ്മർ സെയിലിന്‍റെ ശ്രദ്ധാകേന്ദ്രം. വിദ്യാർഥികൾക്കാവശ്യമായ എല്ലാം ഒരുകുടക്കീഴിൽ അണിനിരത്തുന്നുണ്ട് ഇവിടെ. ഇതിന് പുറമെ ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഫൂട്വെയർ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയും വാങ്ങാം.
യു.എ.ഇയിലെ താമസക്കാരുടെ വേനൽക്കാല ഷെഡ്യൂളിന്‍റെ ഭാഗമായി സമ്മർ സെയിൽ മാറിക്കഴിഞ്ഞുവെന്ന് ഷാർജ എക്സ്പോ സെന്‍റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. മുൻനിര ബ്രാൻഡുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന മേളയാണിത്. അവധിക്ക് ശേഷം മടങ്ങിയെത്തുന്നവർക്കായി വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സുമുൾപ്പെടെ മിതമായ വിലയിൽ ലഭിക്കാൻ മേള വഴിയൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതുമെല്ലാം ഇത്തരം മേളകൾക്ക് ഗുണം ചെയ്യുന്നുവെന്ന് ലിസ് എക്സിബിഷൻ പ്രതിനിധി ജേക്കബ് വർഗീസ് പറഞ്ഞു. പ്രമുഖ ബ്രാൻഡുകളായ സ്പ്ലാഷ്, കിയാബി, ജാക്കി, ബ്രാൻഡ് ബസാർ, ബേബി ഷോപ്പ്, ബെല്ലിസിമോ പെർഫ്യൂംസ്, ഹോംസ്റ്റൈൽ തുടങ്ങിയവയെല്ലാം ഇക്കുറിയുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് സമ്മർ സെയിൽ തുറന്നിരിക്കുക. അഞ്ച് ദിർഹമാണ് പ്രവേശന ഫീസ്. 12 വയസ്സിൽ താഴെയുള്ളവർക്ക് പാസ് വേണ്ട. പാർക്കിങ് സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.