ദുബൈ: പ്രവാസികളുടെ വോട്ടവകാശം നേടിയെടുക്കാൻ മുന്നിട്ടിറങ്ങുന്ന ഏത് സംഘടനയേയും പിന്തുണക്കാൻ തയാറാണെന്ന് ഭാരതീയ പ്രവാസി ഫെഡറേഷന്. പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട് ഭാരതീയ പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചതായും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷന് പുറത്തിറക്കിയ അപേക്ഷാഫോറം ഭാരതീയ പ്രവാസി ഫെഡറേഷന് അച്ചടിച്ച് വിതരണം ചെയ്യും.
അപേക്ഷാഫോറം പൂരിപ്പിച്ച് അയക്കാന്‍ ഹെല്പ് ഡെസ്കുകളും ആരംഭിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിക്കാൻ പ്രവാസിസമൂഹം ഒറ്റക്കെട്ടായി ശക്തമായ കാമ്പയിന് നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് മാത്രമായി ഒരു എൻ.ആര്.ഐ ബാങ്ക് തുടങ്ങണം. വിമാനക്കമ്പനികളുടെ കൊള്ള നിരക്ക് അവസാനിപ്പിക്കണം. പകരം നിലവിലെ നിരക്കിന്റെ ഇരട്ടി നിരക്ക് മാത്രമാക്കി മാറ്റണം. പ്രവാസി മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നത് വേഗത്തിലാക്കാനും ഇക്കാര്യത്തിലെ സുതാര്യതക്കും കോണ്‍സുലേറ്റ് നടപടികള്‍ സ്വീകരിക്കണം. ഇന്ത്യ-യു.എ.ഇ കപ്പല്‍ സര്‍വിസിന് പിന്തുണ നല്‍കുമെന്നും സാരഥികള്‍ പറഞ്ഞു.
ഭാരതീയ പ്രവാസി ഫെഡറേഷന് പ്രസിഡന്റ് തോമസ് കോയാട്ട്, സെക്രട്ടറി സജി ചെറിയാന്, കെ.കെ. ശിഹാബ്, ജോര്‍ജ് നൈനാന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
അജിത് കണ്ടല്ലൂര്‍, പ്രിയങ്ക സതീഷ് മനു എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.