ദുബൈ: സുസ്ഥിരത പുതുവർഷത്തിലും യു.എ.ഇയുടെ വികസനത്തിന്റെ പ്രധാന ഊന്നലായിരിക്കുമെന്ന് മന്ത്രിസഭ യോഗം. 2024ലെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് വാർഷിക വികസന പദ്ധതിക്ക് അംഗീകാരം നൽകിയത്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന് ആദരവായാണ് സുസ്ഥിരത വികസനത്തിന്റെ ഊന്നലായി പ്രഖ്യാപിച്ചത്. 2024 വൻ വികസനത്തിലൂടെ രാജ്യത്തിന്റെ നേട്ടങ്ങളിൽ നാഴികക്കല്ലാവുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ‘എക്സി’ൽ കുറിച്ചു.
അബൂദബി ഖസ്റുൽ വത്നിലാണ് മന്ത്രിസഭ യോഗം ചേർന്നത്. 2023ലെ രാജ്യത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ വിലയിരുത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. യു.എ.ഇ പൗരന്മാരുടെ ജീവിത ഗുണനിലവാരം ഉയർത്തുന്നതിന് നടപ്പാക്കിയ സായിദ് ഹൗസിങ് പ്രോഗ്രാം വഴി 4,300 വീടുകൾ നിർമിക്കുന്നതിന് കഴിഞ്ഞവർഷം 320 കോടി ദിർഹം വകയിരുത്തിയതായി ശൈഖ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞവർഷം വിജയകരമായി നടപ്പാക്കിയ സ്വദേശിവത്കരണ നടപടികളെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. 2021ൽ ആരംഭിച്ച പദ്ധതി വഴി ഇതിനകം 90,000 ഇമാറാത്തികൾക്കാണ് സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചിട്ടുള്ളത്. 2024ലെ അടുത്ത മന്ത്രിസഭ യോഗങ്ങളിൽ സ്വദേശിവത്കരണം മുൻഗണനയിൽ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പതു മാസങ്ങളിൽ യു.എ.ഇയുടെ എണ്ണേതര ആഭ്യന്തര മൊത്ത വരുമാനത്തിന്റെ വളർച്ച നിരക്ക് 5.9 ശതമാനമായതായും ശൈഖ് മുഹമ്മദ് പറഞ്ഞു. ആഗോളതലത്തിൽ രാജ്യം 215 ലേറെ വികസന, സാമ്പത്തിക, മാനവിക സൂചികകളിൽ മുൻനിരയിലാണെന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. 2023ൽ 73 ഫെഡറൽ നിയമങ്ങൾ പാസാക്കാൻ സാധിച്ചിട്ടുണ്ട്. ഇവയിൽ 10 എണ്ണം രാജ്യത്തിന്റെ നിയമ ചട്ടക്കൂടിൽ ആദ്യമായാണ് സ്ഥാനം പിടിക്കുന്നത്. ഇവയിൽ 1,500 വിദഗ്ധരും 50 സർക്കാർ ടീമുകളും ഭാഗവാക്കായി. അതോടൊപ്പം മന്ത്രിസഭ 60 ദേശീയ നയങ്ങൾക്കും തന്ത്രങ്ങൾക്കും 62 അന്താരാഷ്ട്ര കരാറുകൾക്കും അംഗീകാരം നൽകുകയും ചെയ്തു. ഇതുവഴി രാജ്യചരിത്രത്തിലെ ഏറ്റവും നിയമനിർമാണം സജീവമായ വർഷമായി 2023 മാറി -അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് കഴിഞ്ഞവർഷം വിജയകരമായിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. കോപ് 28 നടത്തിപ്പ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയും യോഗത്തിൽ അഭിനന്ദിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.