അബൂദബി: അബൂദബി എമിറേറ്റിലെ സ്വദേശി പൗരന്മാർ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലെ ചികിത്സാ ഫീസിെൻറ 20 ശതമാനം സ്വയം വഹിക്കണമെന്ന നിയമം റദ്ദാക്കാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. എമിറേറ്റിലെ ഇൻഷുറൻസ് നിയമത്തിൽ ഭേദഗതി വരുത്തി അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്) 2016 ജൂലൈ ഒന്ന് മുതൽ നടപ്പാക്കിയ നിർദേശമാണ് റദ്ദാക്കപ്പെട്ടത്.
ഇതോടെ തിക്ക മെഡിക്കൽ ഇൻഷുറൻസ് കാർഡുള്ള എല്ലാ സ്വദേശികളുടെയും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് പൂർണമായി ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടും. അബൂദബി ബുർജീൽ ആശുപത്രി സന്ദർശിക്കുന്നതിനിടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെഡിക്കൽ ടൂറിസം കേന്ദ്രം എന്ന നിലയിൽ എമിറേറ്റിനെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി വിദഗ്ധ മെഡിക്കൽ കോളജും ആരോഗ്യ പരിചരണ നഗരവും സ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടു.
നവീനമായ ആരോഗ്യ പരിചരണ സേവനങ്ങൾ ലഭ്യമാക്കാനുള്ള അവസരമാണ് ഉത്തരവിലൂടെ സാധ്യമാകുന്നതെന്ന് ബുർജീൽ ആശുപത്രിയുടെ ചുമതലയുള്ള വി.പി.എസ് ഹെൽത്ത് കെയറിെൻറ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷംസീർ വയലിൽ അഭിപ്രായപ്പെട്ടു. യു.എ.ഇ പൗരന്മാർക്ക് പൂർണമായ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന തിക്ക പദ്ധതി 2007ലാണ് ആരംഭിച്ചത്. 2016 ജൂലൈ മുതൽ 20 ശതമാനം സ്വയം വഹിക്കണമെന്ന നിർദേശം സ്വകാര്യ ആശുപത്രികളിൽ ദീർഘകാലമായി ചികിത്സ തേടിയിരുന്ന സ്വദേശികൾക്ക് പ്രയാസമായിരുന്നു. തുടർന്ന് 2017 ജനുവരിയിൽ അബൂദബിയിലെയും അൽെഎനിലെയും മൂന്ന് ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ഇൗ നിയമത്തിൽ ഇളവ് നൽകി.
സ്വദേശികളുടെ ചികിത്സാ ചെലവ് പൂർണമായി ഇൻഷുറൻസ് പദ്ധതികൾക്ക് കീഴിലാക്കിയ പുതിയ ഉത്തരവ് വിദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ അബൂദബിയിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് നേട്ടമാണ്. 20 ശതമാനം സ്വയം വഹിക്കണമെന്ന നിബന്ധന കാരണം സ്വകാര്യ ആശുപത്രികളുടെയും ചെറുകിട മെഡിക്കൽ സെൻററുകളുടെയും വരുമാനത്തിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നു.
സർക്കാർ ആശുപത്രികളിൽ സ്വദേശികൾക്ക് ചികിത്സ പൂർണമായി സൗജന്യമായത് കാരണം സ്വകാര്യ ആശുപത്രികളിലേക്കുള്ള സ്വദേശികളുടെ ഒഴുക്ക് കുറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.