ദുബൈ: ഇന്നലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് പർദയിട്ട ഒരു മലയാളി വനിതയായിരുന്നു, അവരുടെ മടിയിൽ ഉറങ്ങുന്ന ശബരിമല തീർഥാടകയായ ഒരു ബാലികയും. പരശുറാം എക്സ്പ്രസിൽ നിന്ന് ഒരു യാത്രക്കാരൻ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ഇൗ ചിത്രം ആയിരക്കണക്കിനാളുകളാണ് ഷെയർ ചെയ്തത്. ഉറങ്ങുന്ന യാത്രക്കാരി ഫോേട്ടാ എടുക്കുന്നത് അറിഞ്ഞിരുന്നില്ല. എന്നാൽ, ഫേസ്ബുക്കിൽ കണ്ട പ്രിയപ്പെട്ടവർ ആളെ തിരിച്ചറിഞ്ഞു. ഇത് ഞങ്ങളുടെ തബ്ഷിത്തയാണ്, എം.എച്ച്. സീതി സാഹിബിെൻറ മകൾ- ചിത്രം കണ്ട കാസർകോട് സ്വദേശികൾ അടിയിൽ കമൻറിട്ടു. ദുബൈയിൽ താമസിക്കുന്ന ചെംനാട് സ്വദേശിനി തബ്ഷി ആയിരുന്നു ആ പർദക്കാരി.
എസ്.ജെ. ലൂയിസ് എൻജിനീയറിങ് കൺസൾട്ടൻറ്സിൽ സീനിയർ എൻജിനീയറായ തബ്ഷി മകൻ അബാനെയും കൂട്ടി കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് പോയത്. കോട്ടയം മാന്നാനത്ത് പഠിക്കുന്ന മക്കളുടെ അരികിലേക്കുള്ള യാത്രയിലാണ് ശബരിമല തീർഥാടകയായ വേദ എന്ന കുഞ്ഞിനെ മടിയിലുറക്കിയതും അതു കണ്ട് മനസ്സു നിറഞ്ഞ വേദയുടെ പിതാവ് സന്ദീപ് ചിത്രം കാമറയിൽ പകർത്തിയതും. വേഷം പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേർത്തുവെക്കുന്നു എന്ന അടിക്കുറിപ്പോടെ സന്ദീപ് ഗോവിന്ദ് എന്ന സുഹൃത്ത് അത് ഫേസ്ബുക്കിലുമിട്ടു. ഒന്നായ ഇന്ത്യയുടെ മനസ്സിെന ഭിന്നിപ്പിക്കാൻ വർഗീയ ശക്തികൾ കഠിന പരിശ്രമം നടത്തുന്ന ഘട്ടത്തിൽ അതിനു സാധിക്കില്ല എന്ന സന്ദേശവുമായി ഇൗ ചിത്രം വാട്സ്ആപ് ഗ്രൂപ്പുകളിലും അതിവേഗം പ്രചരിച്ചു. വി.ടി. ബൽറാം എം.എൽ.എയും നിരവധി സെലിബ്രിറ്റികളും ഇത് പങ്കുവെച്ചു.
ചിത്രം കണ്ട് സുഹൃത്തുക്കൾ വിളിക്കുേമ്പാഴാണ് തബ്ഷിയും കുടുംബാംഗങ്ങളുമെല്ലാം സംഗതി അറിയുന്നത്. എന്നും സന്തോഷം മാത്രം നൽകിയിട്ടുള്ള സഹോദരി വീണ്ടും വീണ്ടും അഭിമാനം പകർന്നുവെന്നാണ് ഇതേക്കുറിച്ച് തബ്ഷിയുടെ സഹോദരനും പ്രശസ്ത കാലിഗ്രഫി കലാകാരനുമായ ഖലീലുല്ലാഹ് ചെംനാട് പ്രതികരിച്ചത്. സഹോദരിയുടെ ചിത്രം എന്നതിലുപരി ആ ചിത്രം നൽകുന്ന സന്ദേശവും അതു പകരുന്ന പ്രതീക്ഷയും വിവരണങ്ങൾക്കതീതമാണ്. ജാതിയും മതവും ദേശവും തിരക്കാതെ ഒരേ പാത്രത്തിൽ ഉണ്ണുകയും സന്തോഷവും സങ്കടവും പങ്കുവെക്കുകയും ചെയ്യുന്ന നമുക്ക് ഇതൊരു പുതുമയോ പ്രത്യേകതയോ അല്ല. പക്ഷേ, വേഷത്തിെൻറയും മതത്തിെൻറയും പേരിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്ന കാലത്ത് ഇൗ ചിത്രം ഒരുപാട് മുറിവുകളുണക്കാൻ പ്രാപ്തമാകുമെന്ന് ഖലീലുല്ലാഹ് പ്രത്യാശിക്കുന്നു.
ഇതര മതസ്ഥർ ഒന്നിച്ച് ജോലിചെയ്യുമോ എന്ന്്, നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പോലും സംശയിക്കുന്ന കാലത്ത് ഇൗ ചിത്രം പങ്കുവെക്കുന്നതിൽ പ്രസക്തിയുണ്ട് എന്നാണ് മറ്റൊരു സഹോദരൻ നഇൗമുല്ലാഹ് ചെംനാട് അഭിപ്രായപ്പെട്ടത്. യു.എ.ഇയിൽ എൻജിനീയറായ കുഞ്ഞി അഹ്മദാണ് തബ്ഷിയുടെ ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.