ദുബൈ: യുവാക്കളിലാണ് രാഷ്ട്രത്തിന്റെ പ്രതീക്ഷയും ഭാവിയുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അന്താരാഷ്ട്ര യുവജനദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് യുവാക്കൾക്ക് അഭിവാദ്യമർപ്പിച്ചത്. ഇമാറത്തിലെ യുവാക്കൾ നമ്മുടെ ഉണർവിന്റെ ഇന്ധനമാണ്, അവർ നമ്മുടെ ഭാവിയുടെ ഉറപ്പാണെന്നും സന്ദേശത്തിൽ പറയുന്നു. ഭാവിയെ ഏറ്റെടുക്കാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നുമുണ്ട്.
വിഡിയോയിൽ പ്രതിഭാധനരായ ഇമാറാത്തി യുവാക്കളിൽ ചിലരെ കാണിക്കുന്നുണ്ട്. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്ത അവരെ കാണിക്കുന്ന പശ്ചാത്തലത്തിൽ ശൈഖ് മുഹമ്മദിന്റെ ശബ്ദ സന്ദേശവും കേൾക്കാം. ഏതൊരു പ്രയാസത്തിന് ശേഷവും എളുപ്പമുണ്ട് എന്നുപറയുന്ന അദ്ദേഹം നേട്ടങ്ങൾക്ക് ദൈവത്തിന് നന്ദിപറയുന്നു. നമ്മുടെ രാജ്യം ഒരു സ്വർഗമായി മാറിയിരിക്കുന്നു. അത് എപ്പോഴും അഭിവൃദ്ധിപ്പെടട്ടെ. ഇപ്പോൾ നിങ്ങൾക്ക് തഴച്ചുവളരാനുള്ള സമയമാണ്. പഴയ കാലത്ത് അത് വളരെ പ്രയാസകരമായിരുന്നു. കഠിനാധ്വാനവും ഇച്ഛാശക്തിയും ഉപയോഗിച്ച്, നിങ്ങൾ അഭിവൃദ്ധിയിലേക്ക് വളരുക -അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പിന്തുണയും പ്രചോദവും നൽകുന്നതിൽ യു.എ.ഇയിലെ ഭരണാധികാരികൾ എപ്പോഴും ശ്രദ്ധപുലർത്താറുണ്ട്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കഴിഞ്ഞമാസം ഫ്രാൻസ് സന്ദർശിച്ചപ്പോൾ ഇമാറാത്തി വിദ്യാർഥികളുമായും ഡോക്ടർമാരുമായും ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.