ദുബൈ: ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലഹ്യാൻ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനെ ഫോണിൽ വിളിച്ച് സംഭാഷണം നടത്തി. യമൻ സംഘർഷം അടക്കമുള്ള പൊതുവായ താൽപര്യമുള്ള നിരവധി പ്രശ്നങ്ങൾ സംഭാഷണത്തിൽ ചർച്ചയായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹൂതികൾ അബൂദബിക്ക് നേരെ നടത്തിയ ആക്രമണത്തെ അപലിച്ച അബ്ദുല്ല ബിൻ സായിദ്, മേഖലയിൽ വർധിച്ചുവരുന്ന സംഘർഷസാധ്യതകൾ അവസാനിപ്പിച്ച് യമനിൽ സമാധാനം കൊണ്ടുവരേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു. ജി.സി.സി സമാധാന സംവിധാനമനുസരിച്ചും ഐക്യരാഷ്ട്രസഭയുടെ പ്രമേയമനുസരിച്ചും സമാധാന നീക്കങ്ങൾ നടക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസം 17നാണ് അബൂദബിക്ക് നേരെ ഹൂതികളുടെ ആക്രമണമുണ്ടായത്. തുടർന്ന് രണ്ടു പ്രാവശ്യം ആക്രമണ ശ്രമങ്ങളുമുണ്ടായി. ഈ സാഹചര്യത്തിൽ മേഖലയിൽ സംഘർഷാവസ്ഥ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി യു.എ.ഇ വിദേശകാര്യ മന്ത്രിയുമായി സംഭാഷണം നടത്തിയിരിക്കുന്നത്. യമനിൽ സമാധാനം കൊണ്ടുവരുന്നതിന് സംഭാഷണം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.