റാസല്‍ഖൈമ: അനധികൃതമായി റാസൽഖൈമയിലെ ഫാമുകളിൽ സൂക്ഷിച്ച 7195 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി. ഫെഡറല്‍ ടാക്സ് അതോറിറ്റിയുമായി (എഫ്.ടി.എ) സഹകരിച്ച് റാക് സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി) നടത്തിയ റെയ്ഡിലാണ് 1.2 കോടി ദിർഹം വില വരുന്ന പുകയിലയും പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തത്.
റാക് ദക്ഷിണ മേഖലയിലെ വിവിധ ഫാമുകളിലാണ് ലൈസന്‍സില്ലാതെ കടത്തിയ പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരവും വിതരണവും കണ്ടെത്തിയത്. പ്രദേശത്തെ ഫാമുകൾ അധികൃതർ നിരീക്ഷിച്ചുവരുകയായിരുന്നു. കണ്ടെത്തിയ നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയും പ്രതികൾക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ലൈസന്‍സില്ലാതെ മാസങ്ങളായി അനധികൃത കച്ചവടം നടത്തിയതായി ഫാം തൊഴിലാളികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിശദ പരിശോധനയില്‍ കാലഹരണപ്പെട്ട പുകയില ഉല്പന്നങ്ങള് നിറങ്ങള്‍ കലര്‍ത്തി കച്ചവടം നടത്തുന്നതായും തെളിഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കടുത്ത ലംഘനമാണ് ഇതിലൂടെ പ്രതികൾ നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
ഉപഭോക്തൃ അവകാശങ്ങളും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിനാവശ്യമായ സര്‍വ നടപടികളും സ്വീകരിക്കുന്നതിന് സാമ്പത്തിക വികസന വകുപ്പ് പ്രതിജ്ഞബദ്ധമാണെന്ന് റാക് ഡി.ഇ.ഡി കമേഴ്സ്യല്‍ കണ്ട്രോള് ആൻഡ് പ്രൊട്ടക്ഷന്‍ വകുപ്പ് ഡയറക്ടര്‍ ഫൈസല്‍ അലിയൂണ്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സംരക്ഷണം മുന്‍നിര്‍ത്തി കമേഴ്സ്യല്‍ കണ്ട്രോള് ടീം വര്‍ഷം മുഴുവനും പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.