ദുബൈ: 10.7 കോടി ദിർഹമിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 15 പേരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത് അറ്റോർണി ജനറൽ. വ്യത്യസ്ത രാജ്യങ്ങളിലെ അറബ് പൗരന്മാരാണ് പ്രതികൾ. പ്രതികളിൽ ചിലർ കസ്റ്റഡിയിലാണ്. ചിലർക്കെതിരെ അറസ്റ്റു വാറന്റുണ്ട്. അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ശംസിയാണ് ഉത്തരവിട്ടത്. വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട 12 കമ്പനികളും കുറ്റപത്രത്തിലുണ്ട്. അറ്റോണി ജനറലിന്റെ മേൽനോട്ടത്തിൽ നികുതി വെട്ടിപ്പുകൾ കണ്ടെത്താനുള്ള ഫെഡറൽ പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
നികുതി വെട്ടിപ്പ് നടത്താൻ ക്രിമിനൽ സംഘത്തിന് പ്രതികൾ രൂപം നൽകിയിരുന്നു. കൂടാതെ സാമ്പത്തിക മന്ത്രാലയം, ചേംബർ ഓഫ് കൊമേഴ്സ്, കസ്റ്റംസ് അതോറിറ്റികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുകയും ചെയ്തു. ഈ രേഖകൾ ഉപയോഗിച്ച് മൂല്യ വർധിത നികുതി (വാറ്റ്) നിയമവിരുദ്ധമായി റീഫണ്ടിനായി ക്ലെയിം ചെയ്യുകയായിരുന്നു. കടലാസ് കമ്പനികളെ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിച്ചതായി രേഖകൾ ഉണ്ടാക്കുകയും ഈ സാധനങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തതായും അവകാശപ്പെടുകയും ചെയ്തു. തുടർന്നാണ് പർച്ചേസ് ചെയ്ത സാധനങ്ങളുടെ വാറ്റ് നികുതി ക്ലെയിം ചെയ്യുന്നത്. ഫെഡറൽ ടാക്സ് അതോറിറ്റിക്ക് അടക്കേണ്ട ഇറക്കുമതിയുടെ വാറ്റ് തുകയും പ്രതികൾ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.