അബൂദബി: അബൂദബി എമിറേറ്റിൽ ടാക്സി നിരക്ക് വർധന വ്യാഴാഴ്ച പ്രാബല്യത്തിലായി. രാത്രി 12 മണി മുതൽ ടാക്സികൾ പുതിയ നിരക്ക് ഇൗടാക്കി തുടങ്ങി. പുതിയ നിരക്ക് പട്ടിക വിവിധ ടാക്സി കമ്പനികളുടെ കാറുകളിൽ പതിച്ചിട്ടുണ്ട്. നിരക്ക് വർധനയോടനുബന്ധിച്ച് ഡ്രൈവർമാർക്ക് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.
പുതുക്കിയ നിരക്ക് പ്രകാരം ടാക്സിയോട്ടത്തിന് ഏറ്റവും കുറഞ്ഞത് 12 ദിർഹം നൽകണം. പകലിലും രാത്രിയിലും ഇൗ മിനിമം കൂലിയിൽ മാറ്റമില്ല. പകൽ ഷിഫ്റ്റിൽ (രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ) അഞ്ച് ദിർഹത്തിലും രാത്രി ഷിഫ്റ്റിൽ (രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ) അഞ്ചര ദിർഹത്തിലുമാണ് മീറ്റർ റീഡിങ് ആരംഭിക്കുക. ഒാട്ടം തുടങ്ങി ഒാരോ കിലോമീറ്ററിനും പകലിലും രാത്രിയിലും 1.82 ദിർഹം എന്ന തോതിൽ അധികം നൽകണം.
വെയ്റ്റിങ് ചാർജ് രാത്രിയും പകലും മിനിറ്റിന് 50 ഫിൽസാണ്. ബുക്കിങ് ഫീസ് പകൽ നാല് ദിർഹവും രാത്രി അഞ്ച് ദിർഹവും.
വിമാനത്താവളത്തിൽനിന്നും പ്രമുഖ പരിപാടികൾ നടക്കുന്ന സ്ഥലത്തുനിന്നുമുള്ള ചെറിയ ടാക്സി വാഹനങ്ങളിൽ 20 ദിർഹത്തിലും വലിയ വാഹനങ്ങളിൽ 25 ദിർഹത്തിലുമാണ് മീറ്റർ റീഡിങ് ആരംഭിക്കുക.
ഇരു വിഭാഗം വാഹനങ്ങളിലും ഒാരോ കിലോമീറ്ററിനും 1.82 ദിർഹം വീതം അധികം നൽകണം. വെയിറ്റിങ് ചാർജ് മിനിറ്റിന് 50 ഫിൽസ് തന്നെയാണ്.
ഇതുവരെ പകൽ ഷിഫ്റ്റിൽ 3.50 ദിർഹത്തിലും രാത്രി ഷിഫ്റ്റിൽ നാല് ദിർഹത്തിലുമായിരുന്നു മീറ്റർ റീഡിങ് ആരംഭിച്ചിരുന്നത്. കിലോമീറ്ററിന് പകൽ ഷിഫ്റ്റിൽ 1.6 ദിർഹവും രാത്രി ഷിഫ്റ്റിൽ 1.69 ദിർഹവും എന്ന തോതിലായിരുന്നു വർധിച്ചിരുന്നത്.
രാത്രി ഷിഫ്റ്റിൽ മാത്രമേ മിനിമം നിരക്ക് നിശ്ചയിച്ചിരുന്നുള്ളൂ. പത്ത് ദിർഹമായിരുന്നു ഇത്. പകലിൽ എത്ര കുറവായാലും മീറ്ററിൽ കാണിക്കുന്ന ചാർജ് മാത്രം കൊടുത്താൽ മതിയായിരുന്നു. ഇനി മുതൽ പകലായാലും രാത്രിയായാലും 12 ദിർഹത്തിൽ കുറവാണ് മീറ്റർ പ്രകാരം ഒാടിയതെങ്കിലും മിനിമം നിരക്കായ 12 ദിർഹം നൽകേണ്ടി വരും. അതേസമയം, വെയിറ്റിങ് ചാർജിൽ മാറ്റമില്ലാെത 50 ഫിൽസിൽ തന്നെ നിലനിർത്തി. ബുക്കിങ് ചാർജ് പകൽ ഷിഫ്റ്റിൽ മൂന്ന് ദിർഹവും രാത്രി ഷിഫ്റ്റിൽ നാല് ദിർഹവുമായിരുന്നു ഇതുവരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.