റാസല്‍ഖൈമ: രാജമല - കരിപ്പൂര്‍ ദുരന്തങ്ങളിൽ നടുങ്ങി റാസല്‍ഖൈമയിലെ മലയാളി സമൂഹം. വിമാനത്തില്‍ റാസല്‍ഖൈമയില്‍ നിന്ന് യാത്ര തിരിച്ച രമ്യയുടെയും (31) മകള്‍ ശിവാത്മികയുടെയും (അഞ്ച്) ദാരുണ മരണം ഏവരുടെയും വേദനയായി.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന് രധുവും (10), സുഹൃത്തിെൻറ ഭാര്യ മഞ്ജുളയും പരിക്കുകളോടെ ചികിത്സയിലാണ്. ഇവരടക്കം അഞ്ച് പേരാണ് റാസല്‍ഖൈമയില്‍ നിന്ന് അപകടത്തിൽപെട്ട വിമാനത്തില്‍ യാത്ര ചെയ്തതെന്നാണ് വിവരം. കോഴിക്കോട് നാദാപുരം നരിപ്പറ്റ സ്വദേശിയും റാസല്‍ഖൈമ മര്‍ഹബ എ.സി മെയിൻറനന്‍സ് സ്ഥാപന നടത്തിപ്പുകാരനുമായ മുരളിയുടെ ഭാര്യയാണ് രമ്യ.
ബിസിനസ് പങ്കാളി പ്രമോദിെൻറ ഭാര്യയാണ് മഞ്ജുള. രമ്യയും മഞ്ജുളയും പ്രവാസം നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയതാണെന്ന് സുഹൃത്ത് ലക്ഷ്മണന് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രധു. രധുവിനൊപ്പം മകള്‍ ശിവാത്മികക്കും നാട്ടിലെ സ്കൂളില്‍ അഡ്മിഷന് ശരിപ്പെടുത്തിയായിരുന്നു യാത്ര. രധുവിെൻറ പരിക്ക് ഗുരുതരമല്ലെന്നും മഞ്ജുള അപകട നില തരണം ചെയ്തിട്ടില്ലെന്നുമാണ് വിവരം.
രമ്യയുടെയും ശിവാത്മികയുടെയും ദാരുണ മരണത്തില്‍ റാക് കേരള സമാജം ഉള്‍പ്പെടെയുള്ള കൂട്ടായ്മകളും സാമൂഹിക പ്രവര്‍ത്തകരും അനുശോചിച്ചു. ദുരന്ത വിവരമറിഞ്ഞയുടൻ മുരളിയും പ്രമോദും നാട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.