ഷാർജ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഷാർജ ടെലിത്തോൺ 15.6 ദശലക്ഷം ദിർഹം സമാഹരിച്ചു. വെള്ളിയാഴ്ച നടന്ന മൂന്നു മണിക്കൂർ നീണ്ട ടെലിവിഷൻ ചാരിറ്റി ഡ്രൈവിലൂടെയാണ് തുക സമാഹരിച്ചത്.
ഷാർജ ചാരിറ്റി ഇന്റർനാഷനലും ബിഗ് ഹാർട്ട് ഫൗണ്ടേഷനും ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യു.എ.ഇ സർക്കാറിന്റെ എമിറേറ്റ്സ് റെഡ്ക്രസന്റ് വിഭാഗം നേതൃത്വം നൽകുന്ന ബ്രിഡ്ജസ് ഓഫ് ഗിവിങ് കാമ്പയിനിന്റെ ഭാഗമായാണ് ധനസമാഹരണം.
ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭാര്യയും ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമായിരുന്നു ടെലിത്തോൺ ആരംഭിച്ചത്. സമാഹരിച്ച തുക ഭൂകമ്പ മേഖലകൾക്ക് ആശ്വാസം നൽകാനും ഭവനം, ആരോഗ്യസേവനങ്ങൾ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള പദ്ധതികളെ പിന്തുണക്കാനും ഉപയോഗിക്കും. കൂടാതെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും സഹായം നൽകും. അതിനായി ധനസമാഹരണം വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു. +971505350152 നമ്പറിലോ അല്ലെങ്കിൽ 80014 എന്ന നമ്പറിലോ വിളിച്ചോ ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.tbhf.ae വഴിയോ ഷാർജ ചാരിറ്റി ഇന്റർനാഷനൽ വെബ്സൈറ്റായ https://shjc.sharjah.ae വഴിയോ ജനങ്ങൾക്ക് സംഭാവനകൾ നൽകാം. സംഭാവന നൽകുന്നതിനായി ഫൗണ്ടേഷന്റെയോ ചാരിറ്റിയുടെയോ ഓഫിസുകളും സന്ദർശിക്കാം. പേപാൽ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴിയും സഹായം നൽകാം.
ദുബൈ: ഞായറാഴ്ച ദുബൈ ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കാനെത്തുന്നവരുടെ ടിക്കറ്റ് നിരക്കിൽ 15 ശതമാനം തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പദുരിതബാധിതർക്ക് ലഭിക്കും.
ദി വിർജിൻ റേഡിയോ 15ാം ജന്മദിന കച്ചേരി നടക്കുന്ന ദിവസമായതിനാൽ നിരവധി സന്ദർശകരെ പ്രതീക്ഷിക്കുന്ന ദിവസമാണിത്.എമിറേറ്റ്സ് റെഡ് ക്രെസന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ബ്രിഡ്ജസ് ഓഫ് ഗുഡ്നെസ്’ ദുരിതാശ്വാസ കാമ്പയിനിലേക്ക് തുക നൽകും.
ഗ്ലോബൽ വില്ലേജ് ഗേറ്റിൽനിന്ന് നേരിട്ടും ഓൺലൈനിൽനിന്നും വാങ്ങുന്ന എല്ലാ ടിക്കറ്റുകൾക്കും സംഭാവന ബാധകമായിരിക്കും. ഞായറാഴ്ച സംഗീതക്കച്ചേരിക്കു പുറമെ വെടിക്കെട്ടും മറ്റു പരിപാടികളും കൂടി ഒരുക്കിയിട്ടുണ്ട്. അവധിദിനംകൂടിയായതിനാൽ വലിയതോതിൽ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.