ഷാർജ: രാജ്യത്താകമാനം ചൂട് വർധിക്കുന്ന സാഹചര്യത്തിൽ താമസക്കാർക്കിടയിൽ അപകടങ്ങൾ കുറക്കുന്നതിന് കാമ്പയിനുമായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. തിങ്കളാഴ്ച മുതൽ ഷാർജ എമിറേറ്റിലാണ് കാമ്പയിൻ ആരംഭിക്കുക.
സാധാരണഗതിയിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യംവെച്ചാണ് വിവിധ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുക. വേനൽക്കാലം അവസാനിക്കുന്നതുവരെ തുടരുന്ന കാമ്പയിനിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സന്ദർശനവും ബോധവത്കരണ ക്ലാസുകളും ഒരുക്കും. എല്ലാ വർഷവും മന്ത്രാലയം സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ 12ാം എഡിഷനാണിത്.
ഷാർജ കുടുംബകാര്യ സുപ്രീം കൗൺസിൽ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ചൂടുകാലത്ത് അനുവർത്തിക്കേണ്ട ജീവിതശൈലി, ചൂട് മൂലമുണ്ടാകുന്ന അപകട സാധ്യതകൾ, സുരക്ഷിതമായ തൊഴിൽ സാഹചര്യത്തിന്റെ ആവശ്യം തുടങ്ങിയ കാര്യങ്ങളാണ് കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്. ഷാർജ സർക്കാറിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ആർക്കും കാമ്പയിനിന്റെ ഭാഗമാകാമെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധി മുഹമ്മദ് അൽ സറൂനി പറഞ്ഞു.
കാമ്പയിൻ വിജയിപ്പിക്കുന്നതിന് ഷാർജ എമിറേറ്റിലെ വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളും മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കും. ഷാർജ പൊലീസ്, ഷാർജ പൊതുജനാരോഗ്യകേന്ദ്രം, ഷാർജ മുനിസിപ്പാലിറ്റി, ഷാർജ ചാരിറ്റി ഇൻറർനാഷനൽ, ഷാർജ കോഓപറേറ്റിവ് സൊസൈറ്റി, ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി, എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളും കാമ്പയിനിൽ പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.